എറണാകുളം: പാലാരിവട്ടം മേൽപാല നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിൽ. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. സൂരജ് ഉൾപ്പെടെ മൂന്ന് പേരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കിറ്റ്‌കോ മുൻ എംഡി ബെന്നി പോളും അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിൽപെടുന്നു. ആർ.ഡി.എസ് എംഡി സുമിത് ഗോയലാണ് അറസ്റ്റിലായ മറ്റൊരാൾ.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സൂരജ് ഉൾപ്പെടെയുള്ളവരെ വിജിലൻസ് അറസ്റ്റ് ചെയ്തത്. മേൽപാല നിർമാണത്തിലെ അഴിമതി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയായിരുന്നു ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ. ഇതിന് പിന്നാലെ പന്ത്രണ്ടരയോടുകൂടായിണ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
മേൽപാലം നിർമാണത്തിൽ രൂപരേഖ അംഗീകരിച്ച കൺസൾട്ടൻസിയായിരുന്നു കിറ്റ്‌കോ. അന്ന് ഡിവിഷണൽ ഹെഡ് ആയിരുന്ന ബെന്നി പോളിനേയും, പാലം നിർമിച്ച ആർഡിഎസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സുമിത് ഗോയലിനെയും, അന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനേയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇവർ നൽകിയ മൊഴികളിൽ പൊരുത്തക്കേട് കണ്ടതിനെ തുടർന്നാണ് അന്വേഷണ സംഘം മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. പാലാരിവട്ടം മേൽപാല നിർമാണ അഴിമതി കേസിൽ ഒന്നാം പ്രതിയാണ് ആർഡിഎസ് കമ്പിനി ഉടമ സുമിത് ഗോയൽ. 17 സർക്കാർ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ പ്രതികളാകാനാണ് സാധ്യത.
This post have 0 komentar
EmoticonEmoticon