കശ്മീർ : കശ്മീരിൽ രാഷ്ട്രീയ നേതാക്കൾ വീട്ട് തടങ്കലിലാക്കപ്പെട്ടിട്ട് 50 ദിവസം പിന്നിടുകയാണ്. കശ്മീലെ ജനജീവിതം സാധാരണനിലയിലായെന്ന കേന്ദ്രസർക്കാർ വാദം കള്ളമാണെന്ന് വിവിധ വനിത സംഘടനാ നേതാക്കളുടെ വസ്തുതാന്വേഷണ സംഘം. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം സൈന്യം ജനങ്ങൾക്ക് മേൽ കടന്നാക്രമണം നടത്തുകയാണെന്ന് സംഘം ആരോപിച്ചു.
ദേശീയ മഹിളാ ഫെഡറേഷൻ നേതാവ് ആനി രാജയുടെ നേതൃത്വത്തിൽ വിവിധ വനിത സംഘടന പ്രതിനിധികൾ ഉൾപ്പെട്ട വസ്തുതാന്വേഷണ സംഘമാണ് കശ്മീരിൽ സന്ദർശനം നടത്തിയത്. സെപ്തംബർ 17 മുതൽ 21 വരെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങളോട് സംസാരിച്ചുവെന്നും സൈന്യത്തിന്റെ അതിക്രമങ്ങൾ കാരണം സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും ഭയത്തിലാണെന്നും നേതാക്കൾ വ്യക്തമാക്കി.
തടവറക്ക് സമാനമായ അവസ്ഥയാണ് കശ്മീരിലിപ്പോൾ. രാത്രിയിൽ വീടുകളിൽ നിന്ന് ആൺകുട്ടികളെയും പുരുഷൻമാരെയും പിടി കൂടി ജയിലിലടക്കുന്നു. വൈകുന്നേരത്തിന് ശേഷം പുറത്തിങ്ങിയാൽ അറസ്റ്റ് ചെയ്യുന്ന സാഹചര്യമാണെന്നും വസ്തുതാന്വേഷണ സംഘം ആരോപിച്ചു. സൈന്യത്തിന്റെ അതിക്രമങ്ങളിൽ അന്വേഷണം നടത്തി നടപടി എടുക്കണമെന്നും സംഘം ആവശ്യപ്പെട്ടു. സൈന്യം പിടികൂടി ജയിലിൽ അടച്ചവരെ വിട്ടയച്ചും കേസുകൾ ഒഴിവാക്കിയും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു.
This post have 0 komentar
EmoticonEmoticon