കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ സുപ്രീം കോടതി നൽകിയ ഉത്തരവിൽ ഇനി ശേഷിക്കുന്നത് അഞ്ച് ദിവസം മാത്രം. പൊളിക്കുന്നതിന്റെ ഭാഗമായി മരടിലെ ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങൾക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ, നോട്ടീസ് കാലാവധി കഴിഞ്ഞാലും ഫ്ലാറ്റുകൾ ഒഴിഞ്ഞ് പോകില്ലെന്ന നിലപാടിലാണ് ഉടമകൾ.
343 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതിൽ സർക്കാറിൽനിന്ന് യാതൊരു അറയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുമ്പോൾ എത്രപേർക്ക് പുനരധിവാസം അടിയന്തരമായി വേണ്ടിവരും എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ ഭരണകൂടം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ ഉദ്യോഗസ്ഥർ കണക്കെടുപ്പ് നടത്തിയെങ്കിലും ഫ്ലാറ്റുടമകൾ പലരും സഹകരിച്ചില്ല. നഗരസഭാ ഓഫീസിലെ ഫ്ലാറ്റുടമകളുടെ വിശദാംശങ്ങൾ ശേഖരിച്ചാണ് 343 കുടംബങ്ങളുടെ കണക്ക് ജില്ലാ കളക്ടർക്ക് കൈമാറിയത്.
ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ വിദഗ്ധരായ കമ്പനികളെ അടിയന്തര ടെണ്ടറിലൂടെ തെരഞ്ഞെടുക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. അഞ്ച് കമ്പനികൾ നഗരസഭയെ സമീപിച്ചതായാണ് സൂചന. എന്നാൽ, അടിയന്തരമായി കമ്പനികളെ തെരഞ്ഞെടുക്കുക പ്രയാസകരമാണെന്നാണ് നഗരസഭയുടെ നിലപാട്. ഐഐടിപോലുള്ള വിദഗ്ധരെ ഉപയോഗിച്ച് കമ്പനിയുടെ യോഗ്യത പരിശോധിക്കണെന്നാണ് നഗരസഭ സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറിൽ നിന്ന് തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം, സിപിഎം, കോൺഗ്രസ്, സിപിഐ അടക്കമുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർനടപടി എങ്ങനെ വേണം എന്ന കാര്യത്തിൽ സർക്കാരിനും നഗരസഭയ്ക്കും വ്യക്തതയില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon