തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ചുള്ള ഫേസ്ബുക്കിൽ കുറിച്ച ചതയദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :
ഗുരുസ്മരണ കാലാതിവർത്തിയാണ്. സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം വീശിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അനീതിക്കുമെതിരായ പോരാട്ടത്തിന് എന്നുമെന്നും വഴിവിളക്കാണ്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്; മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടങ്ങിയ ഗുരുവിന്റെ സന്ദേശങ്ങൾ മലയാളിയുടെ മനസ്സിൽ സമത്വചിന്തയ്ക്ക് പാകിയ അടിത്തറ കൂടിയാണ്.
രാജ്യത്തെ മതാധിഷ്ഠിതമാക്കി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ആസൂത്രിത നീക്കങ്ങൾക്കിടയിലാണ് നാം ജീവിക്കുന്നത്. ഈ ഘട്ടത്തിൽ ശ്രീനാരായണ ദർശനത്തിന് പ്രാധാന്യമേറുകയാണ്. നവോത്ഥാന മൂല്യ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോവുക എന്നതാവട്ടെ ഇത്തവണത്തെ ചതയദിന സന്ദേശം.
This post have 0 komentar
EmoticonEmoticon