ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ യഥാർഥ പിന്തുടര്‍ച്ചക്കാര്‍ തങ്ങളെന്നുറപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി. നേതൃത്വം. ഇല്ലാത്ത പാരമ്പര്യം ഉണ്ടാക്കാനായുള്ള ഗാന്ധിജിയുടെ ഘാതകരുടെ തന്ത്രമാണിതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഇതിനെ നേരിടുന്നത്.
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒക്ടോബര്‍ രണ്ടുമുതല്‍ രാജ്യവ്യാപകമായി പദയാത്രകള്‍ നടത്താനാണ് ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും തീരുമാനം. ഗാന്ധിജിയുടെ ജന്മവാര്‍ഷികം അദ്ദേഹത്തെ തങ്ങളുടേതാക്കാനുള്ള സുവര്‍ണാവസരമായി ഉപയോഗപ്പെടുത്തണമെന്ന് ബി.ജെ.പി. വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ പാർട്ടിനേതാക്കള്‍ക്കയച്ച കത്തില്‍ നിർദേശിച്ചു. ഗാന്ധിയന്‍ ആശയങ്ങളുടെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരാണെന്ന് ഉറപ്പിക്കാനുള്ള സന്ദര്‍ഭവുമാണിതെന്ന് കത്തിൽ പറയുന്നു.
മതേതര ചിന്താഗതിക്കാരെക്കൂടി പാട്ടിലാക്കാനും പാരമ്പര്യം ഉണ്ടാക്കാനുമുള്ള രാഷ്ട്രപിതാവിന്റെ ഘാതകരുടെ തട്ടിപ്പാണിതെന്ന് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. “ഗോഡ്‌സെയ്ക്ക് അമ്പലം ഉണ്ടാക്കുന്നവരെങ്ങനെയാണു ഗാന്ധിജിയുടെ യഥാര്‍ഥ അവകാശികളാവുക. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും” -സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
രാഷ്ട്രപിതാവിന്റെ ആശയങ്ങളുടെ കടുത്ത അനുയായിയാണ് താനെന്ന പ്രതിച്ഛായ ഉണ്ടാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ശ്രമിച്ചുവരുകയാണ്. എന്നാൽ, ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന ഭോപാലില്‍നിന്നുള്ള ബി.ജെ.പി. എം.പി. പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവനയും മറ്റും ബി.ജെ.പി.ക്കു മോശം പ്രതിച്ഛായ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. ഖാദിവസ്ത്രങ്ങള്‍ ധരിച്ച് 15 ദിവസം ഗ്രാമ-നഗര ഭേദമില്ലാതെ ഗാന്ധി സങ്കല്പയാത്ര നടത്താനാണ് കീഴ്‌ഘടകങ്ങൾക്കു ദേശീയനേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.
ബി.ജെ.പി.യുടെ ശ്രമം വിജയിക്കില്ലെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. “ഗാന്ധിയന്‍ ആദര്‍ശങ്ങളെ കൊല്ലുക എന്നതാണ് ബി.ജെ.പി.യുടെ പ്രത്യയശാസ്ത്രം. ഓരോ ദിവസവും അവര്‍ സ്വന്തം പ്രവൃത്തിയിലൂടെ ഗാന്ധിജിയെ ഇല്ലാതാക്കുകയാണ്” -അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബര്‍ രണ്ടിന് സോണിയാഗാന്ധി ഡല്‍ഹിയിലും പ്രിയങ്കാഗാന്ധി യു.പി.യിലെ ഷാജഹാന്‍പുരിലും ഗാന്ധിയന്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹമറിയിച്ചു.
This post have 0 komentar
EmoticonEmoticon