തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേരന്‍ മല്‍സരിക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. ഇന്ന് ബിജെപി കോര്‍കമ്മിറ്റിയോഗത്തില്‍ നിലപാട് അറിയിക്കും. അതേസമയം പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തന്നെ ഇതു സംബന്ധിച്ച തീരുമാനമുണ്ടായിരുന്നു. എട്ടു ജില്ലാ കമ്മിറ്റി അംഗങ്ങളാണ് കുമ്മനത്തോടു മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേർന്ന മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ 28ൽ 27 പേരും കുമ്മനത്തെ പിന്തുണച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷൻ എസ്.സുരേഷിന്റെ പേരായിരുന്നു. ഓരോ മണ്ഡലം സമിതി ഭാരവാഹിയോടും നേരിട്ടു ചോദിച്ചായിരുന്നു അഭിപ്രായം തേടിയത്.
എറണാകുളത്ത് വൈകിട്ട് മൂന്നിന് കോർ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിൽ ജില്ലാകമ്മിറ്റിയുടെ അഭിപ്രായം അറിയിക്കുമെന്നാണ് സൂചന. തീരുമാനം അനുകൂലമായാൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർഥിയായിരിക്കും കുമ്മനം.
ശക്തമായ ത്രികോണ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ തവണ 7622 വോട്ടുകൾക്കാണ് ബിജെപിക്ക് വട്ടിയൂർക്കാവ് കൈവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാനാകാത്തതിന്റെ ക്ഷീണം തീർക്കാനും ദേശീയ നേതൃത്വത്തിനു മുന്നിൽ തലയുയർത്തി നിൽക്കാനും ഒരിടത്തെങ്കിലും വിജയം അനിവാര്യം. അതിനാൽ കരുത്തനും ജനകീയനുമായ ഒരു സ്ഥാനാർഥിക്കാകും ഇവിടെ മുൻഗണന.
കുമ്മനം രാജശേഖരനു പുറമെ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി.രാജേഷ് എന്നിവരുടെ പേരുകളാണ് ബിജെപി സ്ഥാനാർഥി പട്ടികയിലേക്ക് ഉയർന്നു കേൾക്കുന്നത്. എൽഡിഎഫിൽ മുൻ മന്ത്രിയും കെടിഡിസി ചെയർമാനുമായ എം.വിജയകുമാർ, കരകൗശല കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് എന്നിവരാണ് പരിഗണനയിലുള്ളത്.
This post have 0 komentar
EmoticonEmoticon