ന്യൂഡൽഹി: ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയതായി ഇന്‍റലിജൻസ് മുന്നറിയിപ്പ്. ഇതേത്തുടർന്ന്, രാജ്യമെമ്പാടും അതീവജാഗ്രതാ നിർദേശമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇന്‍റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകുന്നു. ഇത് ഏകോപിപ്പിക്കാനാണ് അതീവരഹസ്യമായി അസറിനെ ജയിൽമോചിതനാക്കിയത്. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ - പാക് അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തിന്‍റെ വൻ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബിഎസ്‍എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഒരു ആക്രമണമുണ്ടായേക്കാം എന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ വൻ ആക്രമണത്തിന് ലക്ഷ്യമിടുന്നത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസർ കരുതൽ തടങ്കലിലാണെന്നായിരുന്നു പാകിസ്ഥാൻ പറഞ്ഞിരുന്നത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞാൽ ''ഉണ്ടാകുന്ന പ്രത്യാഘാതങ്ങ''ൾക്ക് എല്ലാ ഉത്തരവാദിത്തവും ഇന്ത്യയ്ക്കായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon