കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനേയും താമരശ്ശേരി മുൻ ഡെപ്യൂട്ടി തഹസീൽദാറേയും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. ഭൂമിയിടപാടിൽ ജോളിക്ക് വഴിവിട്ട് സഹായം നൽകിയെന്ന ആരോപണത്തിലാണ് മുൻ ഡെപ്യൂട്ടി തഹസീൽദാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ജോളി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. പയ്യോളിയിലെ ഡിവൈ.എസ്.പി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
കുറ്റകൃത്യം നടത്താൻ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം തനിക്കുണ്ടായിരുന്നതായും ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അതേ സമയം സഹായം നൽകിയ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പേരുകൾ പറയാൻ ജോളി തയ്യാറായിട്ടില്ല. ഷാജുവിനെ ചോദ്യം ചെയ്യലിലൂടെ ഇക്കാര്യങ്ങളിൽ ഒരു വ്യക്തതയുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. ജോളിയുടെ ഫോൺ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി നേരത്തെ പോലീസ് ഒരു പട്ടിക തയ്യാറാക്കിയിരുന്നു.
ഇതിനിടെ കൊലപാതകങ്ങൾക്കായി സയനൈഡിന് പുറമെ വേറെ വിഷ വസ്തുക്കളും താൻ ഉപയോഗിച്ചിരുന്നതായി ജോളി മൊഴി നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏതെല്ലാം വിഷ വസ്തുക്കളാണ് ഇവർ ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2011-ൽ റോയ് തോമസിന്റെ മരണം അന്വേഷിച്ച കോടഞ്ചേരി എസ്.ഐ രാമുണ്ണിയേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. റോയിയുടേത് ആത്മഹത്യയാണെന്ന് കണ്ടെത്തിയത് രാമുണ്ണിയായിരുന്നു.
This post have 0 komentar
EmoticonEmoticon