വാരാണസി: ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിൽ മാറ്റിയെഴുതേണ്ടതുണ്ടെന്ന് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. വീർ സവർക്കർ ഇല്ലായിരുന്നെങ്കിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ലഹളയായി കണക്കാക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സവർക്കർക്ക് ഭാരതരത്ന നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബി.ജെ.പി. മഹാരാഷ്ട്രാഘടകം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞതിനുപിന്നാലെയാണ് ഷായുടെ പ്രസ്താവന.
"വീർ സവർക്കർ ഇല്ലായിരുന്നെങ്കിൽ 1857-ലെ 'യുദ്ധം' ചരിത്രമാകുമായിരുന്നില്ല. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലേ നാമതിനെ കാണുമായിരുന്നുള്ളൂ. 1987-ലെ 'യുദ്ധ'ത്തെ 'ഒന്നാം സ്വാതന്ത്ര്യയുദ്ധം' എന്നു വിളിച്ചത് സവർക്കറാണ്. അല്ലെങ്കിൽ നമ്മുടെ കുട്ടികൾ അതിനെ ലഹളയായേ മനസ്സിലാക്കുമായിരുന്നുള്ളൂ" -ഷാ പറഞ്ഞു. വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"ആരെയും പഴിചാരാതെ ഇന്ത്യാചരിത്രം ഇന്ത്യയുടെ കാഴ്ചപ്പാടിൽ മാറ്റിയെഴുതേണ്ട ആവശ്യമുണ്ടെന്നാണ് എല്ലാവരോടുമുള്ള എന്റെ അഭ്യർഥന. നമ്മുടെ ചരിത്രമെഴുതേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എത്രകാലമാണ് നാം ബ്രിട്ടീഷുകാരെ പഴിക്കാൻ പോകുന്നത്? നാം ആരോടും തർക്കിക്കാൻ പോകുന്നില്ല. സത്യം മാത്രമെഴുതുന്നു. അത് കാലാതിവർത്തിയായിരിക്കും" -വേദിയിലും സദസ്സിലുമുണ്ടായിരുന്ന ചരിത്രകാരന്മാരോടായി ഷാ പറഞ്ഞു.
രേഖകൾ വേണ്ടപോലെ സൂക്ഷിക്കാത്തതിനാൽ സ്കന്ദഗുപ്ത വിക്രമാദിത്യന്റെ സംഭാവനകളെയും ധീരതയെയും കുറിച്ച് പുതുതലമുറയ്ക്ക് അറിയാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഗുപ്തവംശത്തിലെ വിഖ്യാത ഭരണാധികാരിയായ അദ്ദേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഷാ വാചാലനായി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കുകീഴിൽ ഇന്ത്യ ലോകത്തിനുമുമ്പിൽ ബഹുമാനം വീണ്ടെടുക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "അദ്ദേഹത്തിനുകീഴിൽ ഇന്ത്യയോടുള്ള ആദരം വർധിച്ചു. നമ്മുടെ അഭിപ്രായം ലോകം ശ്രദ്ധിക്കുന്നു. അന്താരാഷ്ട്ര വികസനത്തെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി പറയുമ്പോൾ ലോകം ശ്രദ്ധിക്കുന്നു" -ഷാ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon