മുംബൈ : മഹാരാഷ്ട്രയിൽ 160 പേരുടെ പിന്തുണയുണ്ടെന്ന് ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യം. മൂന്നുപാര്‍ട്ടികളുടേയും എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് കൈമാറും. സേന, എന്‍സിപി, കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാക്കള്‍ രാജ്ഭവനിലെത്തും.
മഹാസഖ്യത്തിന് ആശ്വാസമായി എന്‍സിപിയിലെ നാല് വിമത എംഎൽഎമാർ കൂടി ഡല്‍ഹിയില്‍ നിന്ന് മുംബൈയിൽ മടങ്ങിയെത്തിയിരുന്നു. എന്‍സിപി യുവജനവിഭാഗം നേതാക്കളാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്. നര്‍ഹരി സിര്‍വാള്‍, വിനായക് ദറോഡ, വിനായക് ദൗലത്ത്, അനില്‍ പാട്ടീല്‍ എന്നീ എംഎല്‍എമാരാണ് എൻസിപി ക്യാംപില്‍ മടങ്ങിയെത്തിയത്.
മറുവശത്തു കോൺഗ്രസ്-എൻസിപി-ശിവസേന എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുവാൻ പതിനെട്ടടവും പയറ്റുകയാണ് ബിജെപി. എംഎൽഎമാരെ സ്വാധീനിക്കാൻ കൂറുമാറിവന്ന പഴയനേതാക്കളെ ചുമതലപ്പെടുത്തിയെന്നാണ് സൂചന. പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ, ശിവസേന മുഖ്യമന്ത്രിയായിരുന്ന നിലവിലെ ബിജെപി നേതാവ് നാരായൺ റാണെ, എൻസിപി വിട്ട് ബിജെപിയിലെത്തിയ ഗണേശ് നായിക് എന്നിവരെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
എംഎൽഎമാരെ താമസിപ്പിച്ച ഹോട്ടലുകളിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തതോടെ എൻസിപിയും സേനയും എംഎൽഎമാരെ പുതിയ ഹോട്ടലുകളിലേക്ക് മാറ്റി. വിശ്വാസ വോട്ടെടുപ്പ് ഉടനുണ്ടായില്ലെങ്കിൽ എംഎൽഎമാരെ ബിജെപി ഭരണമില്ലാത്ത സംസ്ഥാനത്തേയ്ക്ക് മാറ്റിയേക്കും. കേരളവും എൻസിപി പരിഗണിക്കുന്നുണ്ട്. അതേസമയം, അഹമ്മദ് പട്ടേലിന്റെയും മല്ലിഖാർജുൻ ഖാർഗെയുടെയും നേരിട്ടുള്ള നിരീക്ഷണത്തിലാണ് കോൺഗ്രസ് ക്യാംപ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon