മുംബൈ : അസംബ്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്തുദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കുന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരവെ തങ്ങളുടെ സഖ്യകക്ഷിയായ ബി.ജെ.പിയെ വെല്ലുവിളിച്ച് ശിവസേന. വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവർണർ സർക്കാറുണ്ടാക്കാൻ ക്ഷണിക്കണമെന്നും അവർക്ക് സർക്കാറുണ്ടാക്കാൻ കഴിയില്ലെങ്കിൽ ശിവസേനയുടെ മുഖ്യമന്ത്രി അധികാരമേൽക്കുമെന്നും പാർട്ടി നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു.
ഭാവികാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പിയുടെ നിയമസഭാ കക്ഷിനേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണുന്നതിനായി ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, എൻ.സി.പി തലവൻ ശരത് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഇന്ന് കാണുന്നുണ്ട്.
'പിൻവാതിൽ ചർച്ചകളൊന്നുമില്ല. സർക്കാറുണ്ടാക്കുന്ന കാര്യത്തിൽ തടസ്സമുണ്ട്; പക്ഷേ, അതിനുത്തരവാദി ഞങ്ങളല്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി സർക്കാറുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കണം. അവർ പരാജയപ്പെടുകയാണെങ്കിൽ ഞങ്ങൾക്ക് അവകാശപ്പെടാമല്ലോ.' സഞ്ജയ് റാവത്ത് ഞായറാഴ്ച പറഞ്ഞു. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ റാവത്ത് ഇന്ന് ഗവർണർ ഭഗത് സിംഗ് കൊഷ്യാരിയെ കാണുന്നുണ്ട്. ഫലംപുറത്തുവന്ന ഒക്ടോബർ 24-നു ശേഷം ഇത് നാലാംതവണയാണ് ശിവസേന ഗവർണറെ കാണുന്നത്.
വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് 105 അംഗങ്ങളുള്ളപ്പോൾ ശിവസേനക്ക് 170 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ഇന്നലെ സഞ്ജയ് റാവത്ത് അവകാശപ്പെട്ടത്. പാർട്ടി മുഖപത്രം സാമ്‌ന ഇത് ആവര്‍ത്തിക്കുകയും ചെയ്തു. എൻ.സി.പിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ സർക്കാറുണ്ടാക്കാമെന്ന് അവർ കണക്കുകൂട്ടുന്നതായാണ് സൂചന. ശിവസേനക്ക് 56-ഉം എൻ.സി.പിക്ക് 54-ഉം കോൺഗ്രസ് 44-ഉം സീറ്റുകളാണുള്ളത്. സർക്കാറുണ്ടാക്കാനുള്ള വഴിതുറന്നാൽ 13 സ്വതന്ത്രരിൽ ചിലരും തങ്ങൾക്കൊപ്പം നിൽക്കുമെന്ന് ശിവസേന കണക്കുകൂട്ടുന്നു. നിലവിൽ ആറ് സ്വതന്ത്രർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉദ്ധവ് താക്കറെയും എൻ.സി.പി തലവൻ ശരത് പവാറും തമ്മിൽ ഫോണിൽ ചർച്ചകൾ നടത്തി എന്ന അഭ്യൂഹങ്ങൾക്കിടെ, ശിവസേന എൻ.സി.പിയെ സമീപിച്ചു എന്നകാര്യം സ്ഥിരീകരിച്ച് പവാറിന്റെ ബന്ധുവും പാർട്ടി നേതാവുമായ അജിത് പവാർ രംഗത്തുവന്നു. സഞ്ജയ് റാവത്തിന്റെ സന്ദേശം തനിക്ക് ലഭിച്ചുവെന്നും തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണ് ശിവസേനയിൽ നിന്ന് ഇത്തരമൊരു നീക്കം ഉണ്ടാകുന്നതെന്നും അജിത് പവാർ പറഞ്ഞു. പ്രതിപക്ഷത്തിരിക്കാനാണ് പാർട്ടി തീരുമാനമെന്നും 170 സീറ്റിന്റെ അവകാശവാദം ശിവസേന ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മുൻ ഉപമുഖ്യമന്ത്രിയായ അജിത് പവാർ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon