കട്ടപ്പന: കേരള കോൺഗ്രസിലെ അധികാര തർക്കത്തിൽ ജോസ് കെ. മാണിക്ക് തിരിച്ചടി. ജോസ് കെ. മാണി ചെയര്‍മാനല്ലെന്ന് കട്ടപ്പന സബ് കോടതി വിധി. ചെയര്‍മാന്‍റെ അധികാരം തടഞ്ഞ ഇടുക്കി മുന്‍സിഫ് കോടതിവിധി സബ് കോടതി ശരിവച്ചു. ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത ഇടുക്കി മുൻസിഫ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ജോസ്.കെ മാണി നൽകിയ അപ്പീലിലാണ് കട്ടപ്പന സബ് കോടതി വിധി പറഞ്ഞത്.
ജൂണിൽ കോട്ടയത്ത് ജോസ് വിഭാഗം വിളിച്ച് കൂട്ടിയ ബദൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതോടെയാണ് അധികാരത്തിനായുള്ള നിയമ പോരാട്ടങ്ങളുടെ തുടക്കം. ചെയർമാൻ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് കാണിച്ച് ജോസഫ് വിഭാഗം ആദ്യം തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചു. ഇത് അംഗീകരിച്ച തൊടുപുഴ കോടതി ജോസ് കെ മാണി ചെയർമാന്‍റെ പദവിയും അധികാരം കയ്യാളുന്നതും തടഞ്ഞു.
വിശദമായി വാദം കേൾക്കുന്നതിന് മുൻപ് തൊടുപുഴ മുൻസിഫ് കേസിൽ നിന്ന് പിന്മാറി. ഇതോടെ കേസ് ഇടുക്കി മുൻസിഫ് കോടതിയിലെത്തി. ഒരു മാസം നീണ്ട വാദത്തിനൊടുവിൽ തൊടുപുഴ കോടതിയുടെ ഉത്തരവ് ഇടുക്കി കോടതിയും ശരിവെച്ചു. ഈ വിധിക്കെതിരെയാണ് ജോസ് കെ മാണിയും കെ ഐ ആന്‍റണിയും കട്ടപ്പന സബ് കോടതിയെ സമീപിച്ചത്. ബദൽ സംസ്ഥാന കമ്മറ്റി യോഗം വിളിച്ചത് പാർട്ടി ഭരണഘടന പ്രകാരമാണെന്ന് ജോസ് വിഭാഗത്തിന്റെ വാദം. ഇരുപക്ഷം നേതാക്കളുടെയും അവകാശവാദങ്ങളിൽ ത്രിശങ്കുവിലായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെയും വിധി സ്വാധീനിക്കും.
This post have 0 komentar
EmoticonEmoticon