കൊളംബോ : ശ്രീലങ്കൻ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ സഹ്രാൻ ഹാഷിമുമായി പ്രതികൾ ആശയ വിനിമയം നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇവർ ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയെന്നും കുറ്റപത്രം പറയുന്നു.
ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദ്ദീൻ, ഷേക് ഹിദായത്തുള്ള എന്നിവർക്കെതിരായ കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. ഇവർക്ക് ശ്രീലങ്കൻ സ്ഫോടനക്കേസിലെ പ്രതികളുമായി നേരിട്ടും ആശയപരമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.
സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ സഹ്റാൻ ഹാഷിമുമായി പ്രതികൾക്ക് സൗഹൃദമുണ്ടായിരുന്നു. മുദ്രവച്ച കവറിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് വ്യാഴാഴ്ച പരിഗണിക്കും. എഫ്‌ഐആറിൽ മലയാളികൾ ഉൾപ്പെടെ 12 പ്രതികളാണുള്ളത്. എന്നാൽ 2 പേർക്കെതിരെ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്.
യുവാക്കളെ ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്നതിനായി ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പ്രതികൾക്കെതിരെ കുറ്റം. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടെന്നും കുറ്റപത്രം പറയുന്നു. സമൂഹ മാധ്യമങ്ങൾ വഴി ഐ എസ് ആശയം പ്രചരിപ്പിച്ചതിന് കഴിഞ്ഞ മാർച്ച് മുപ്പതിനാണ് ഏഴ് പേർക്കെതിരേ എൻഐഎ കൊച്ചി യൂണിറ്റ് കേസെടുത്തത്. ടെലഗ്രാം ആപ്പാണ് പ്രതികൾ ആശയവിനിമയത്തിനായി ഉപയോഗിച്ചത്. പ്രതികളുടെ ടെലിഗ്രാം അക്കൗണ്ട് എൻഐഎ പരിശോധിച്ചിരുന്നു. ചാറ്റിംഗിന്റെ വിശദാംശങ്ങൾ കുറ്റപത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon