ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതി ബിൽ ഇത്തവണ പാർലമെന്റിൽ പാസാകുമെന്ന് കേന്ദ്രസർക്കാർ. കടുത്ത എതിർ സ്വരം ഉയർത്താൻ പ്രതിപക്ഷം ശ്രമിക്കുമ്പോഴാണ് സർക്കാർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. കോൺഗ്രസിൽ ബില്ലുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന ആശയകുഴപ്പം മുതലെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ എതിർപ്പും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിഷേധവും മൂലമാണ് കഴിഞ്ഞ തവണ ബിൽ നിയമമാകാതെ പോയത്. ഈ കടമ്പകൾ ഇത്തവണ കടക്കും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാരിപ്പോൾ.
കഴിഞ്ഞ തവണ എതിർത്ത പല പ്രതിപക്ഷ പാർട്ടികളും നിലപാട് മാറ്റിയത് സർക്കാറിന് പ്രതീക്ഷ പകരുന്നു. 238 അംഗങ്ങളുള്ള രാജ്യസഭയിൽ 122 അംഗങ്ങൾ ബില്ലിനെ പിന്തുണക്കും എന്നാണ് ബിജെപിയുടെ അവകാശവാദം. ബിജു ജനതാദളിന്റെയും ജനതാദൾ യുവിന്റെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരുടെയും നിലപാട് മാറ്റമാണ് ബിജെപി ശുഭസൂചനയായി കാണുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ ബിജെഡിയുടെ പിന്തുണ ബില്ലിന് ഉറപ്പായി. സഖ്യകക്ഷികളായ ശിരോമണി അകാലി ദളും ലോക്ജനശക്തി പാർട്ടിയും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യും. നിർണായക ബില്ലുകളിൽ മോദി സർക്കാറിനെ പിന്തുണച്ച ആം ആദ്മി പാർട്ടി, എഐഎഡിഎംകെ, തെലങ്കാന രാഷ്ട്രീയ സമിതി എന്നീ കക്ഷികൾ നിലപാട് ഇതുവരെയും പരസ്യമാക്കിയിട്ടില്ല. ഇവരും ബില്ലിനെ അനുകൂലിക്കും എന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon