ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗിനെതിരേ നിര്‍ഭയയുടെ അമ്മ ആശാദേവി രംഗത്ത്. ഇന്ദിരയെ പോലുള്ളവര്‍ കാരണം രാജ്യത്ത് നീതി നടപ്പാകുന്നില്ല. കുറ്റവാളികളോട് പൊറുക്കണമെന്ന് പറയാന്‍ ഇന്ദിര ജെയ്സിംഗ് ആരാണെന്നും നിര്‍ഭയയുടെ അമ്മ ചോദിച്ചു.
സുപ്രീംകോടതിയില്‍ വെച്ച് നിരവധി തവണ ഞാന്‍ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കല്‍ പോലും അവര്‍ എനിക്ക് ക്ഷേമം നേരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് അവര്‍ കുറ്റവാളികള്‍ക്ക് വേണ്ടി സംസാരിക്കുന്നു.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നു. ഈ സമയത്താണ് ഇത്തരം ആവശ്യവുമായി ഇന്ദിരാ ജയ്‌സിങ് മുന്നോട്ടുവരുന്നത്. ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകള്‍ കാരണം ബലാത്സംഗത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാകുന്നില്ല. ബലാത്സംഗക്കേസ് പ്രതികളെ പിന്തുണച്ച് ഇത്തരം ആളുകള്‍ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങള്‍ അവസാനിക്കുന്നില്ലെന്നും ആശാ ദേവി പറഞ്ഞു.
നിര്‍ഭയയുടെ അമ്മ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരണമെന്നാണ് ഇന്ദിര ജെയ്സിംഗ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ നളിനിയോട് സോണിയ ക്ഷമിച്ചു. അവരെ തൂക്കികൊല്ലണമെന്ന ആഗ്രഹം സോണിയക്കില്ലായിരുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് പക്ഷേ വധശിക്ഷക്കെതിരാണെന്നും ഇന്ദിര ജെയ്സിംഗ് പറഞ്ഞു.
'നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണണെന്ന് ഞാന്‍ ആശാദേവിയോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്' ഇന്ദിരാ ജെയ്‌സിങ് ട്വിറ്ററില്‍ കുറിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon