തിരുവനന്തപുരം: കെ എം ഷാജി എം.എല്‍.എയ്ക്ക് നാളെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് നിയമസഭ സെക്രട്ടറി വി.കെ ബാബുപ്രകാശ് അറിയിച്ചു. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ നിര്‍ദേശിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചത്.
നിയമസഭയില്‍ നടക്കുന്ന വോട്ടിംഗില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല, ശന്പളമോ മറ്റ് അലവന്‍സുകളോ നല്‍കില്ല തുടങ്ങിയ കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകള്‍ക്കു വിധേയമായിട്ടാകും കെ.എം. ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കുക.
കെ.എം. ഷാജിയെ നിയമസഭാസമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നിയമസഭാ സെക്രട്ടറിക്കും ഷാജിയുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ലെങ്കില്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്റെ കത്തില്‍ അറിയിച്ചിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കെ.എം.ഷാജി നാളെ സഭയിലെത്തുമെന്നും കത്തില്‍ പറഞ്ഞിരുന്നു. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭാ സ്പീക്കര്‍ അടക്കമുള്ളവര്‍ക്കു കത്തു നല്‍കിയിരുന്നതായി കെ.എം. ഷാജിയും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഷാജിക്ക് പങ്കെടുക്കാമെന്ന് വ്യക്തമാക്കി നിയമസഭ സെക്രട്ടറി ഉത്തരവിറക്കിയത്.
നാളെ മുതല്‍ ഹാജര്‍ കണക്കാക്കണം. ഇല്ലെങ്കില്‍ സുപ്രികോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കത്തില്‍ അറിയിച്ചു. കോടതിയുടെ ഇന്നത്തെ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുസഹിതമാണ് കത്ത് നല്‍കിയത്.
വര്‍ഗീയത ഉണര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്‌ത് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.
This post have 0 komentar
EmoticonEmoticon