കണ്ണൂര്‍: ദേശീയ പാതാ ബൈപ്പാസ് കീഴാറ്റൂരിലൂടെത്തന്നെ കടന്നുപോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്തിമവിജ്ഞാപനമിറക്കി.
രേഖകളുമായി ഉടമകള്‍ ഹാജാരാകാനാണ് നിര്‍ദ്ദേശം. ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം. ഇതോടെ ബൈപ്പാസിനു ബദല്‍ സാധ്യതകളുണ്ടെങ്കില്‍ അതു പരിഗണിക്കുമെന്ന കേന്ദ്രത്തിന്റെയും ബിജെപിയുടെയും ഉറപ്പ് പാഴായി.
കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ പ്രാദേശിക കൂട്ടായ്മയായ 'വയല്‍ക്കിളികള്‍' പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പിന്നീട് പ്രതിഷേധത്തിന് പിന്തുണയുമായി ബി ജെ പിയും രംഗത്തെത്തി. വിജ്ഞാപനം മരവിപ്പിക്കുമെന്നായിരുന്നു ബി ജെ പി നിലപാട് സ്വീകരിച്ചിരുന്നത്.
വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി അലൈന്‍മെന്റ് പുതുക്കണമെന്ന വയല്‍ക്കിളികളുടെയും ബി.ജെ.പി നേതാക്കളുടെയും ആവശ്യം പരിഗണിച്ച് കീഴാറ്റൂരില്‍ ബദല്‍ പാതയുടെ സാധ്യത തേടാന്‍ പുതിയ സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ദേശീയപാത പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നും ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ ഇതു പരിഗണിക്കാവൂ എന്നും
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്തിമ വിജ്ഞാപനം പുറത്തു വന്ന അവസരത്തില്‍ ഇനിയെന്ത് എന്നാലോചിക്കാന്‍ വയല്‍ക്കിളികള്‍ ഇന്നു വൈകിട്ട് യോഗം ചേരുമെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു.
This post have 0 komentar
EmoticonEmoticon