ന്യൂഡല്‍ഹി: ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ഥികളുടെ പാഠ്യവിഷയത്തില്‍ നിയന്ത്രണം കൊണ്ടുവരാനും ഇതിന് പുറമെ ബാഗിന്റെ ഭാരം നിശ്ചയിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ബാഗുകളുടെ ഭാരം ഒന്നര കിലോഗ്രാമില്‍ കൂടാന്‍ പാടില്ലെന്നും കേന്ദ്ര മാനവ ശേഷി മന്ത്രാലയം നിര്‍ദേശിച്ചു.
കുട്ടികളോട് പുസ്തകങ്ങള്‍ അധികമായി കൊണ്ടുവരാനോ, പഠനോപകരണങ്ങള്‍ കൊണ്ടുവരാനോ ആവശ്യപ്പെട്ടരുതെന്നും, ബാഗിന്റെ ഭാരം മുന്‍ നിശ്ചയിച്ചതില്‍ നിന്ന് അധികമാകാന്‍ പാടില്ലെന്നും ഉത്തരവില്‍ കര്‍ശനമായി പറയുന്നു.
ഇതു സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും,കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചു. അഞ്ചാംക്ലാസുവരെ സ്കൂള്‍ ബാഗ് മൂന്നു കിലോയില്‍ താഴേ ഭാരമുള്ളതായിരിക്കണം. ഏഴാം ക്ലാസുവരെ സ്കൂള്‍ ബാഗ് നാല് കിലോയില്‍ താഴേയും, ഒന്‍പതാം ക്ലാസുവരെ സ്കൂള്‍ ബാഗ് നാലര കിലോയില്‍ താഴേയും, പത്താംക്ലാസില്‍ പരമാവധി അഞ്ച് കിലോയുമായിരിക്കണം സ്ക്കൂള്‍ ബാഗുകളുടെ ഭാരമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
മാത്രമല്ല ഒന്ന്,രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയും,കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും ,ഇവര്‍ക്ക് ഹോംവര്‍ക്കുകള്‍ നല്‍കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതേ സമയം മൂന്ന് മുതല്‍ അഞ്ചു വരെ ക്ലാസ്സുകളില്‍ കണക്കിനും,ഭാഷയ്ക്കും പുറമെ പരിസ്ഥിതി ശാസ്ത്രവും പാഠ്യവിഷയമാക്കണം. എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്ന പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
This post have 0 komentar
EmoticonEmoticon