കൊച്ചി: സഹകരണ കാര്‍ഷിക വികസന ബാങ്കുകളെ തകര്‍ക്കാന്‍ ഗവണ്മെന്റ് ഗൂഢനീക്കം നടത്തുന്നുവെന്ന് യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രൈമറി ബാങ്കുകളുടെ പ്രസിഡന്റുമാരുടെ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി സസ്പെന്റ് ചെയ്ത് അഡീഷണല്‍ രജിസ്ട്രാറെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരിക്കുകയാണ്. കഴിഞ്ഞ 12 ന് ഭരണസമിതി തെരഞ്ഞെടുപ്പ് തീരുമാനിച്ച് നടപടികളുമായി മുന്നോട്ടുപോയ സമയത്താണ് ഭരണസമിതിയെ പുറത്താക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം പിടിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായ പിരിച്ചുവിടല്‍ നടത്തിയത്. ഭരണസമിതിയെ പിരിച്ചുവിട്ടതിന് ശേഷം ഷെയര്‍ ഇനത്തില്‍ 13 കോടി രൂപയും ഗാരന്റി കമ്മീഷന് ഇനത്തില്‍ 40.6 കോടി രൂപയും സര്‍ക്കാര്‍ ബാങ്കില്‍ നിന്നും ഈടാക്കി കഴിഞ്ഞു. ഇപ്പോള്‍ കൃഷികാര്‍ക്ക് വായ്പ കൊടുക്കാന്‍ പണമില്ലാത്ത നിലയിലാണ് സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്.
കൂടാതെ,പ്രാഥമിക ബാങ്കുകളുടെ വായ്പാ പരിധി വെട്ടിക്കുറച്ചുകൊണ്ട് ഉത്തരവായിരിക്കുന്നു. പ്രളയബാധിതര്‍ക്ക് വായ്പ കൊടുക്കേണ്ട സമയത്താണ് കാര്‍ഷിക വായ്പകള്‍ നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. മാത്രമല്ല, നബാര്‍ഡ് വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗാരന്റി നല്‍കാതെയും വായ്പ പ്രവര്‍ത്തനം നടത്താനുള്ള പണം ഗവണ്മെന്റിലേക്ക് നിര്‍ബന്ധമായി അടച്ചുകൊണ്ടും ബാങ്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ യോഗം തീരുമാനിച്ചു. എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ പ്രസിഡന്റ് സോളമന് അലക്സ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ശിവദാസന്‍ നായര്‍ എക്സ് എംഎല്‍എ, കെ.ഐ ആന്റണി (തൊടുപുഴ), കെ.നീലകണ്ഠന് (കാസര്‍കോട്), വി.പി അബ്ദുള്‍ റഹിം (തിരൂര്‍), ബഷീര്‍ (മൂവാറ്റുപുഴ), എം.എം അവറാന് (കുന്നത്തുനാട്), ഷാജി മോഹന്‍ (ചേര്‍ത്തല) എന്നിവര്‍ പ്രസംഗിച്ചു.

This post have 0 komentar
EmoticonEmoticon