ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലികോപ്ടര്‍ ഇടപാട് കേസിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ കസ്റ്റഡിയിലിരിക്കെ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മിഷേലിനെ ഹാജരാക്കവെയായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം പട്യാല ഹൌസ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഈ പരാമര്‍ശങ്ങളെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അന്വേഷണ ഏജന്‍സി, പട്യാല കോടതിയെ അറിയിച്ചിരുന്നു.
7 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലായിരുന്നു ക്രിസ്റ്റ്യന്‍ മിഷേലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡിയിലിരിക്കെ മിസിസ് ഗാന്ധി എന്ന് പരാമര്‍ശിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റിനായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇറ്റാലിയന്‍ ലേഡിയുടെ മകനെ കുറിച്ചും അദ്ദേഹം എങ്ങിനെ അടുത്ത പ്രധാനമന്ത്രിയാകും എന്നതിനെ പറ്റിയും പറഞ്ഞതായും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
മിഷേലിന്റെ അഭിഭാഷകന്‍ എല്‍ജോ കെ. ജോസഫിന് മിഷേല്‍ ഷേക്ക്ഹാന്റ് നല്‍കുന്നതിനിടെ പേപ്പര്‍ കൈമാറി. അതില്‍ സോണിയ ഗാന്ധിയെ കുറിച്ചുള്ള ചോദ്യം ഉണ്ടായിരുന്നു. എന്നാല്‍ ഇത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രമൺജിത് കൗർ കയ്യോടെ പിടികൂടുകയും പേപ്പർ തിരികെ വാങ്ങുകയും ആയിരുന്നു.
മിഷേലിനെ ഉത്തരങ്ങള്‍ പറഞ്ഞ് പഠിപ്പിക്കാന്‍ വേണ്ടിയാണ് ചോദ്യങ്ങള്‍ കൈമാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്നതിന് തെളിവെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. അതിനാല്‍ ഇരുവര്‍ക്കും രാവിലെയും വൈകിട്ടും കൂടിക്കാഴ്ച നടത്താന്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടിക്കാഴ്ച സമയം 15 മിനിട്ടായി നിശ്ചയിച്ച കോടതി നിശ്ചിത ദൂരം പാലിച്ചുവേണം കൂടിക്കാഴ്ച എന്നും നിര്‍ദേശിച്ചു.
മിഷേല്‍ മറ്റ് ഇടനിലക്കാരുമായി നടത്തിയ ആശയവിനിമയങ്ങളില്‍ ഉപയോഗിച്ച 'ആര്‍' എന്ന അക്ഷരം എന്തെന്ന് കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് മിഷേലിനെ 7 ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടു.
ആറ് വര്‍ഷമായി അന്വേഷണം നടക്കുന്ന അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് ഇടപാടില്‍ ഇതാദ്യമായണ് ഒരു അന്വേഷണ ഏജന്‍സി, ഔദ്യോഗികമായി സോണിയാ ഗാന്ധിയുടെ പേര് പറയുന്നത്. മിഷേലിന്‍റെ സ്വകാര്യ ഡയറിയില്‍ കോഴ കൈപ്പറ്റിയവരുടെ പേരുകള്‍ കയ്യക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. ഫാമിലി,എ പി എന്നിങ്ങനെയും പേരുകളുണ്ട്. ഫാമിലി എന്നത് ഇത് സോണിയ ഗാന്ധിയുടെ കുടുംബം ആണെന്നും എ പി എന്നത് രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്‍റെ പേരാണെന്നുമാണ് ആരോപണം.
എന്നാല്‍ മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഒരു കുടുംബത്തിന്റെ പേര് പറയിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഈ മാസം 5നാണ് യു.ഇ.യില്‍ നിന്നും മിഷേലിനെ ഇന്ത്യയിലെത്തിച്ചത്.
This post have 0 komentar
EmoticonEmoticon