തിരുവനന്തപുരം: മോഹൻലാൽ കേന്ദ്രകഥാപാത്രമായി നാളെ എത്താനിരിക്കുന്ന മലയാള സിനിമ ഒടിയനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി എ.കെ.എം.എഫ്.സി.ഡബ്ല്യു.എ ജനറല്‍ സെക്രട്ടറി വിമൽകുമാർ അറിയിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിമൽകുമാർ ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
ഒടിയനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി ജില്ല സെക്രട്ടറി അഡ്വ. എസ് സുരേഷ് കുമാര്‍ അറിയിച്ചിട്ടുണ്ടെന്ന്‍ വിമല്‍ കുമാര്‍ പറഞ്ഞു. ബിജെപി ജില്ല സെക്രട്ടറിക്കും ഇതിനു വേണ്ടി മുന്‍കൈ എടുത്ത പ്രൊഡ്യൂസെഴ്സ് അസോസിയേഷന്‍റെ ജി സുരേഷ് കുമാറിനും അദ്ദേഹം നന്ദി അറിയിച്ചു.
മലയാളത്തിന്റെ വികാരമായ മോഹന്‍ലാലിന്റെ ഒടിയൻ എന്ന ചലച്ചിത്രം റിലീസ് ചെയുന്ന അന്ന് തന്നെ കേരളത്തില്‍ ഹർത്താൽ പ്രഖ്യാപിച്ച രാഷ്ട്രീയ പ്രസ്ഥാനത്തോടുളള മമത മലയാളികളുടെ മനസ്സിൽ നിന്നും തീരാമുറിവായിരിക്കുമെന്ന് വിമല്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാർ മേനോൻ ആണ്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം.
മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്.
This post have 0 komentar
EmoticonEmoticon