ചെന്നൈ:നടി ഭാനുപ്രിയക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാൽകോട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടിയ്ക്ക് പറഞ്ഞുറപ്പിച്ച ശമ്പളവും നടി നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു.
ഏജന്റ് മുഖേനെയാണ് പെൺകുട്ടി ഭാനുപ്രിയയുടെ അടുക്കലെത്തുന്നത്. ചെന്നൈയിലെ തന്റെ വീട്ടിലാണ് ഭാനുപ്രിയ പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തിയത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി പറഞ്ഞുറപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ പതിനെട്ട് മാസമായി പെൺകുട്ടിക്ക് ഇവർ തുക നൽകിയിരുന്നില്ലെന്നും കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരവും പെൺകുട്ടിക്ക് നിഷേധിച്ചതായും പ്രഭാവതി പരാതിയിൽ പറയുന്നു.
ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാർക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഇവർ ചെന്നൈയിലെ താരത്തിന്റെ വീട്ടിൽ എത്തിയത്. എന്നാൽ ഗോപാലകൃഷ്ണൻ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെൺകുട്ടിയയെ വിട്ടു നൽകണമെങ്കിൽ പത്തു ലക്ഷം നൽകണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയിൽ പറയുന്നു.
എന്നാൽ, പെൺകുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പരാതി നൽകിയതായി സമാൽകോട്ടേ സ്റ്റേഷൻ എസ്.ഐ ദി ന്യൂസ് മിനിറ്റിനോട് വ്യക്തമാക്കി. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ പെൺകുട്ടി തന്റെ വീട്ടിൽ നിന്നും മോഷ്ടിച്ചുവെന്നും പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നും താരം നൽകിയ പരാതിയിൽ പറയുന്നു.
ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിർത്തുന്നത് രണ്ടു വർഷം തടവും അൻപതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. എന്നാൽ പെൺകുട്ടിയുടെ വയസ് തനിക്കറിയില്ലെന്നാണ് നടി പോലീസിനോട് വ്യക്തമാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon