തിരുവല്ല: മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രി യോഗങ്ങള്‍ ഒഴിവാക്കി. സ്ത്രീകള്‍ക്ക് കൂടി പങ്കെടുക്കാവുന്ന വിധം യോഗങ്ങൾ വൈകിട്ട് 5 മുതൽ 6.30 വരെ പുനഃക്രമീകരിച്ചു. ആറര വരെയുള്ള യോഗങ്ങളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള കീഴ്വഴക്കത്തിനെതിരെ സഭാ വിശ്വാസികള്‍ തന്നെ എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് തീരുമാനം.
നേരത്തേ 6.30 ന് തുടങ്ങുന്ന സായാഹ്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ സായാഹ്ന യോഗങ്ങള്‍ വൈകിട്ട് അഞ്ചിന് തുടങ്ങുമെന്ന് മാര്‍ത്തോമ്മാ സഭ വ്യക്തമാക്കി. അതേസമയം 6.30 ന് അവസാനിക്കുന്ന യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം.
മാർത്തോമ സഭ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർ ക്ലിമ്മിസ് ബാവ പുറത്തിറക്കിയ സർക്കുലറിലാണ് മാരാമൺ കൺവെൻഷന്റെ രാത്രി കാല യോഗങ്ങളുടെ പുനഃക്രമീകരണം വ്യക്തമാക്കിയിട്ടുള്ളത്. സർക്കുലർ എല്ലാ പള്ളികളിലും വായിക്കും. 124 മത് കൺവെൻഷനാണ് ഇക്കുറി പത്തനംതിട്ട കോഴഞ്ചേരി പമ്പ മണപ്പുറത്ത് നടക്കുന്നത്.
യുവവേദി യോഗങ്ങള്‍ കോഴഞ്ചേരി പള്ളിയിലേക്ക് മാറ്റും. ഈ യോഗത്തില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. രാവിലെയും ഉച്ചയ്ക്കുമുള്ള യോഗങ്ങളുടെ സമയത്തില്‍ മാറ്റമില്ല. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളില്‍ ഒന്നാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പാ തീരത്തെ മണപ്പുറത്താണ് നടക്കുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon