തിരുവനന്തപുരം: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സംസ്ഥാന പൊലീസിലെ പ്രത്യേക സംഘം അന്വേഷിക്കും. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് കേസ് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഇതിനിടെ സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹർത്താലിൻറെ പശ്ചാത്തലത്തിൽ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും അടിയന്തിര നിർദ്ദേശം നൽകി.
ഏതെങ്കിലും വിധത്തിലുളള അക്രമത്തിൽ ഏർപ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹർത്താൽ അനുകൂലികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാൻ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ സ്വത്തു വകകളിൽ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.
ഇന്നു തുറക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നല്കും. അക്രമത്തിന് മുതിരുന്നവർക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങൾ തടയുന്നതിന് ആവശ്യമായ സുരക്ഷ എർപ്പെടുത്തും. ഹർത്താലുകൾ നിർബന്ധിത ഹർത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികൾ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതി ഗതികൾ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണൽ എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon