കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ യഥാർഥ ആരോഗ്യപ്രശ്നം എന്തെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു . ജയിലിൽ കിടക്കുന്നതിനുള്ള തടസമെന്താണ് എന്ന് ചോദിച്ച കോടതി, ജയിലിൽ എത്ര വർഷം കഴിഞ്ഞു എന്നും ചോദിച്ചു. കുഞ്ഞനന്തന് നടക്കാനാവാത്ത അവസ്ഥയാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ, ജയിലിൽ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതിയുടെ പരാമർശം. ജയിലിൽ കൂടുതൽ ദിവസം ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ സഹായിക്കാൻ കൂട്ടുപ്രതികൾ ഉണ്ടല്ലോ എന്നും പറഞ്ഞ കോടതി, ഇതെല്ലാം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചികിൽസയ്ക്കായി ശിക്ഷ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജി പരിഗണിക്കുമ്പോൾ, കുഞ്ഞനന്തനു ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഉടന്‍ ചികില്‍സിക്കണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ജയിൽപുള്ളികൾക്കു രോഗം വന്നാൽ പരോളിനു പകരം ചികിത്സയാണു നൽകേണ്ടതെന്നും തടവുകാരുടെ ചികിത്സ സർക്കാരിന്റെ ബാധ്യതയാണെന്നും ഹൈക്കോടതി നേരത്തെ വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനു വഴിവിട്ടു പരോൾ അനുവദിക്കുന്നെന്നാരോപിച്ച് ടിപിയുടെ ഭാര്യ കെ.കെ. രമ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ പരാമർശം.
2012 മേയ് 4നു ടിപിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തനു കഴിഞ്ഞ 29 മാസത്തിനിടെ 216 ദിവസം പരോൾ അനുവദിച്ചിട്ടുണ്ടെന്നാണ് ഹർജിക്കാരിയുടെ ആരോപണം. 2016, 2017 വർഷങ്ങളിലും കൂടുതൽ ദിവസങ്ങളിലും കുഞ്ഞനന്തൻ പരോളിലായിരുന്നെന്നും ഹർജിയിൽ പറയുന്നു. ശിക്ഷ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon