ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
സി.ബി.ഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി പൊലീസ് എന്നിവരുടെ സംയുക്ത അന്വേഷണമാണ് നടക്കുക. വിരമിച്ച ന്യായാധിപന്‍ എ.കെ. പട്‌നായിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേതാണ് ഉത്തരവ്.
ലൈംഗികാരോപണം ഉന്നയിച്ച സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിക്കു വേണ്ടി ഹാജരാകുന്നതിനും ചീഫ് ജസ്റ്റിസിനെതിരെ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം ഒരുക്കുന്നതിനും ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചുവെന്ന് അഭിഭാഷകനായ ഉത്സവ് സിങ് ബൈന്‍സ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് ഇപ്പോള്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കോര്‍പ്പറേറ്റ് അതികായന്‍ ഉള്‍പ്പെട്ട വന്‍സംഘമാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക പീഡന ആരോപണത്തിന് പിന്നിലെന്ന് ആരോപിച്ച അഭിഭാഷകന്‍ പക്ഷേ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. ഈ നിലപാടിനെ എതിര്‍ത്തു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ രംഗത്തെത്തി. ഗൂഢാലോചനക്കാരുടെ പേരുകള്‍ വെളിപ്പെടുത്താത്തതിന് നിയമപരിരക്ഷയില്ലെന്ന് കോടതിയും വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon