ads

banner

Tuesday, 9 April 2019

author photo

രാഷ്ട്രീയ കേരളത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും അതികായന്‍ കെഎം മാണി ഇനി ഓര്‍മ. മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933ല്‍ ജനിച്ചു. മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളിയായി. തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്സിലും തേവര സേക്രഡ് ഹാര്‍ട്ട്സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. പ്രസംഗവേദികളില്‍ പിന്നീട് പ്രസിദ്ധമായ ആ വാഗ്ധോരണി കലാലയ നാളുകളിലെ മത്സര പ്രസംഗങ്ങളില്‍ തുടങ്ങിയതാണ്. മദ്രാസ് ലോ കോളജില്‍നിന്ന് 1955ല്‍ നിയമബിരുദം നേടി.

രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്ഥാനമായിരുന്നു ആദ്യം മാണിയെ തേടിയെത്തിയത്. 1959ല്‍ ആദ്യം കെപിസിസി അംഗമായി. അന്നുമുതല്‍ കേരള കോണ്‍ഗ്രസ് ഉണ്ടാകുന്നതുവരെ കെപിസിസി അംഗമായിരുന്നു. 1964ല്‍ കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായി. അതേവര്‍ഷമാണ് പി.ടി. ചാക്കോയുടെ വിയോഗം. പാര്‍ട്ടി ചാക്കോയോട് അനീതിയാണു കാട്ടിയതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ഉറച്ചു വിശ്വസിച്ചു. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു. 1964ല്‍ തിരുനക്കരയില്‍ മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിനു തിരിതെളിച്ചു. കോട്ടയം ഡിസിസി ഏതാണ്ട് അതേപടി കേരള കോണ്‍ഗ്രസിന്റെ ജില്ലാക്കമ്മിറ്റിയായി.

1965ല്‍ കേരള കോണ്‍ഗ്രസിന്റെയും കെ.എം. മാണിയുടെയും പാലാ എന്ന പേരിലുള്ള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്. അന്നുമുതലിന്നോളം ഈ ത്രിത്വം ഒന്നായി തുടര്‍ന്നു. ധനകാര്യം, ആഭ്യന്തരം, റവന്യൂ, ജലസേചനം, നിയമം, ഭവനം, വിദ്യുച്ഛക്തി അങ്ങനെ പലവകുപ്പിലും മന്ത്രിയായിട്ടുണ്ട്. 1975 ഡിസംബര്‍ 21നാണ് കെ.എം. മാണി ആദ്യം മന്ത്രിയാകുന്നത്. ധനകാര്യവകുപ്പില്‍ തുടങ്ങി. അടിയന്തരാവസ്ഥയെ തുടര്‍ന്നുള്ള മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി.

പാലായുടെ രാഷ്ട്രീയ ഭൂപടത്തിന്റെ ശില്‍പഗോപുരം മാത്രമല്ല, വിഭജനരേഖയും കെ.എം. മാണി തന്നെയായിരുന്നു. മാണിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും- അതായിരുന്നു ഇത്രകാലം പാലായുടെ രാഷ്ട്രീയം. കേരളകോണ്‍ഗ്രസിലെ എണ്ണമറ്റ പിളര്‍പ്പില്‍ മിക്കതിലും ഒരു തലയ്ക്കല്‍ കെ.എം. മാണിയായിരുന്നു. മാണിയെ എതിര്‍ക്കാം, വിമര്‍ശിക്കാം, പക്ഷേ, അദ്ദേഹത്തെ അവഗണിക്കാന്‍ കേരള രാഷ്ട്രീയത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement