കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേത്തി മണ്ഡലത്തിനൊപ്പം കേരളത്തിലെ വയനാട് മണ്ഡലത്തിലും മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കുന്നതിനായി നാളെ കേരളത്തിലെത്തും. പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ മറ്റന്നാളാണ് രാഹുൽ പത്രിക സമർപ്പിക്കുക. രാഹുലിനൊപ്പം പ്രിയങ്കയും കേരളത്തിലെത്തുമെന്നാണ് സൂചന.
നാളെ രാത്രിയോടെയാണ് രാഹുൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുക. കോഴിക്കോട് തങ്ങുന്ന രാഹുൽ പിറ്റേ ദിവസം രാവിലെ ഹെലികോപ്റ്ററിൽ കൽപറ്റയിലെത്തി പത്രിക നല്‍കും. പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാസമർപ്പണം. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം വിവിധ ദേശീയ നേതാക്കൾ കൂടി പത്രിക സമർപ്പണത്തിന്റെ സാക്ഷിയാകാൻ കേരളത്തിലെത്തും.
സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എന്നിവരും ഒരുക്കങ്ങൾക്കായി വയനാട് എത്തും.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കഴിഞ്ഞ ആഴ്ച ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രകടന പത്രികക്ക് അന്തിമ രൂപം നൽകിയത്. നിരവധി ജനപക്ഷ വാഗ്‌ദാനങ്ങളാകും ഇന്ന് ഡൽഹിയിൽ പുറത്തിറക്കുന്ന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുഖ്യ ആകർഷണമായി രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ച ന്യായ് പദ്ധതി തന്നെയാകും പ്രകടന പത്രികയിൽ ഇടം പിടിക്കുക.
This post have 0 komentar
EmoticonEmoticon