കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്കെതിരെ ബംഗാളിന് പുറത്ത്നിന്ന് എത്തിയ ചിലരാണ് ജയ് ശ്രീറാം വിളിക്കുന്നതെന്ന് മമത ആരോപിച്ചിരുന്നു. ബിജെപി-തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ കടന്നുപോയപ്പോഴായിരുന്നു സംഭവം.
നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനെതിരെ നൈഹാതിയില്‍ സംഘടിപ്പിക്കുന്ന ധര്‍ണയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മമത. മമതയുടെ കാര്‍ അടുത്തെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കി.
കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി ബിജെപി പ്രവര്‍ത്തകരോട് കയര്‍ത്തു. നിങ്ങളെന്താണ് കരുതിയത്. അന്യസംസ്ഥാനങ്ങളില്‍നിന്നെത്തിയ നിങ്ങള്‍ ഞങ്ങളെ അപമാനിക്കാമെന്ന് കരുതിയോ. ഞാനിത് സഹിക്കില്ല. എന്നെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു എന്നും മമത ചോദിച്ചിരുന്നു. തുടർന്ന് ജയ് ശ്രീറാം വിളിക്കുന്നവരുടെ പേര് എഴുതിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇവരില്‍ പത്ത് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

This post have 0 komentar
EmoticonEmoticon