ആലപ്പുഴ: കായംകുളത്ത് രണ്ട് സ്ത്രീകളടക്കം ആറുപേർ പൊലീസ് യൂണിഫോം ധരിച്ച് വ്യാജ റിക്രൂട്ട്മെൻറ് നടത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ. കായംകുളം ചേരാവള്ളിയിൽ ഓഫീസ് സ്ഥാപിച്ചായിരുന്നു തട്ടിപ്പ്.
കേരള പൊലീസിന്‍റെ ട്രാഫിക് വിഭാഗത്തിലേക്കെന്ന പേരില്‍ വ്യാജേന റിക്രൂട്ട്മെന്‍റും പരിശീലനവും നടത്തുകയായിരുന്നു സംഘം. ഇവരുടെ പക്കല്‍നിന്നും പൊലീസ് യൂണിഫോമുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഡിവൈഎസ്പി, സിഐ തുടങ്ങിയ വേഷങ്ങളിലിരുന്നാണ് സംഘത്തിൻ്റെ തട്ടിപ്പ്. നിരവധി ഉദ്യോഗാർത്ഥികൾ ഈ ഓഫീസിലെത്തിയിരുന്നു എന്ന് പൊലീസിന്‍റെ നിഗമനം. സമാന്തര പൊലീസ് സ്റ്റേഷൻ പോലെ തന്നെയാണ് തട്ടിപ്പ് സംഘത്തിന്‍റെ പ്രവര്‍ത്തനം. സമാന കേസിൽ മൂന്ന് പേര്‍ നേരത്തെ കോട്ടയത്ത് അറസ്റ്റിലായിരുന്നു.
കൊല്ലാട് വട്ടുക്കുന്നേൽ ഷൈമോൻ (40), ഒളശ ചെല്ലിത്തറ ബിജോയി (32), മൂലേടം കുന്നംപള്ളി വാഴക്കുഴി സനിതമോൾ (29) എന്നിവരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്.
പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തട്ടിപ്പ് കഥ വിവരിച്ചത് ഇങ്ങനെ:
ട്രാഫിക് പൊലീസിലേയ്ക്ക് ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നു എന്ന് വാട്സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. കടുവാക്കുളത്തെ സ്വകാര്യ സ്കൂളിൽ പൊലീസ് വേഷത്തിൽ കഴിഞ്ഞ മാസം 27ന് എത്തിയ സംഘം റിക്രൂട്ട്മെന്റ് ആവശ്യത്തിനായി സ്കൂളും മൈതാനവും ആവശ്യപ്പെട്ടു. പൊലീസിന്റെ ഔദ്യോഗിക ആവശ്യമെന്നു കരുതി സ്കൂൾ അധികൃതർ അനുവദിച്ചു. 28ന് ആദ്യ പരീക്ഷ നടത്തി. ഇതിൽ 76 പേർ പങ്കെടുത്തു. 200 രൂപയാണ് ഒരാളിൽ നിന്ന് സംഘം ഫീസായി ഈടാക്കിയത്. പാമ്പാടിയിലെ സ്കൂളിൽ റിക്രൂട്ട്മെന്റ് നടത്താനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ സൗകര്യമില്ലാത്തതിനെ തുടർന്നാണത്രേ കടുവാക്കുളം സ്കൂളിലെത്തിയത്.
പിഎസ്‌സി പരീക്ഷയ്ക്കു സമാനമായി ഒഎംആർ ഷീറ്റുകളിലായിരുന്നു പരീക്ഷ. ഇതില്‍ നിന്ന് 14 പേരെ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്കു തിരഞ്ഞെടുത്തു. ഇവർക്കായി കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ കായിക പരിശീലനവും സംഘടിപ്പിച്ചു. യൂണിഫോമിനെന്ന പേരിൽ ഒരാളിൽ നിന്ന് 3000 രൂപയും വാങ്ങി. ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്സ് എന്ന സീൽ പതിപ്പിച്ച വ്യാജ ലെറ്റർ പാഡിലാണു സംഘം ഉദ്യോഗാർഥികൾക്കും മറ്റും കത്തുകൾ നൽകിയിരുന്നത്. പരിശീലന ദിവസങ്ങളിൽ സംഘത്തിലുള്ളവര്‍ പൊലീസ് വേഷത്തിലാണ് എത്തിയിരുന്നത്. പൊലീസ് ട്രെയിനിങ് അക്കാദമിയിൽ ഉപയോഗിക്കുന്ന ടീ ഷർട്ടുകളും ഇവർ ധരിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon