ads

banner

Saturday, 25 May 2019

author photo

തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷത്തെ എഴുതിതള്ളാമെന്ന് വ്യാമോഹിയ്ക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കി മടങ്ങിവന്ന ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷത്തിന് ഉള്ളതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

1977 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐ എമ്മിന് ഒരു സീറ്റ് പോലും കിട്ടിയിരുന്നില്ല. പിന്നാലെ 1979 ല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. ഭൂരിപക്ഷ സ്ഥാപനങ്ങളും സിപിഐ എം നേടി. അന്ന് യുഡിഎഫ് തകര്‍ന്നു. തുടര്‍ന്ന് പല പാര്‍ട്ടികളും ഇടതുപക്ഷത്തിനൊപ്പം വന്നു. 1980 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരം പിടിച്ചു.

1984 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേടിയത് ഒറ്റ സീറ്റാണ്. കോട്ടയത്ത് സുരേഷ് കുറുപ്പ് മാത്രമാണ് വിജയിച്ചത്. വടകരയില്‍ കെ പി ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ തമ്പാന്‍ തോമസും വിജയിച്ചു. 17 സീറ്റ് യു ഡി എഫ് നേടി. തുടര്‍ന്നാണ് 1985ല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം ചേര്‍ന്നത്. ജാതിമത ശക്തികള്‍ക്കെതിരെയും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെയും മതനിരപേക്ഷതയ്ക്കായും ശക്തമായി പോരാടാന്‍ പാര്‍ട്ടി തീരുമാനിച്ചു. ജാതിമത ശക്തികളുമായി പാര്‍ട്ടി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് 1987ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇടതുപക്ഷത്തിന് ഒരു സീറ്റും കിട്ടില്ലെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. പക്ഷെ, എല്‍ ഡി എഫ് വന്‍ വിജയം നേടിയത് ചരിത്രമാണ്. അന്ന് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി.

ഇപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംഭവിച്ച തോല്‍വി കൊണ്ട് ഇടതുപക്ഷത്തെ എഴുതിതള്ളാം എന്ന് കരുതേണ്ട. ശക്തമായ അടിത്തറ ഇടതുപക്ഷത്തിന് കേരളത്തിലുണ്ട്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിയ്ക്കുന്നവരും ജയിച്ചാല്‍ അമിത ആഹ്ലാദം പ്രകടിപ്പിയ്ക്കുന്നവരുമല്ല ഇടതുപക്ഷം. ജയപരാജയങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകും. ഇപ്പോഴത്തെ ഈ പരാജയം താല്‍ക്കാലികമാണ്. ഏറ്റവും ശക്തമായ തരത്തില്‍ സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടും എങ്ങനെ പരാജയം നേരിട്ടു എന്നത് പരിശോധിയ്ക്കും. അതിന്റെ ഗൗരവം മനസ്സിലാക്കി ഓരോ രംഗത്തും തിരുത്തലുകള്‍ വരുത്തും. തിരിച്ചടിയുടെ കാരണം വസ്തുനിഷ്ടമായി പരിശോധിയ്ക്കും. ഉപരിപ്ലവമായ പരിശോധനയല്ല. ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തും.

ഇടതുപക്ഷത്തിന്റെ പരാജയം ആഘോഷിക്കുന്നവര്‍ ബി ജെ പിയെ തറപറ്റിച്ചത് കാണാതെ പോകരുത്. ശബരിമലയുടെ പേരില്‍ സുവര്‍ണാവസരം കിട്ടിപ്പോയി എന്ന് പറഞ്ഞ് കേരളം പിടിക്കാനാണ് ബി ജെ പി ശ്രമിച്ചത്. സംസ്ഥാനത്ത് കലാപമുണ്ടാക്കാനായിരുന്നു ആര്‍ എസ് എസ് നീക്കം. ആ നീക്കത്തെ ചെറുത്തത് ഇടതുപക്ഷമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സന്ദര്‍ഭോചിതമായ ഇടപെടലുകൊണ്ടാണ് അത് ഒഴിവായത്. അല്ലെങ്കില്‍ മാറാട് കലാപം പോലെ, നിലയ്ക്കല്‍ ലഹള പോലെ കേരളമാകെ വര്‍ഗീയ കലാപം നടക്കുമായിരുന്നു. തൊലിപ്പുറമുള്ള പരാജയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നവര്‍ ആഴത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ തയ്യാറാവുമ്പോഴാണ് ആരോഗ്യപരമായ രാഷ്ട്രീയസംവാദം നടക്കുക. അത്തരം സംവാദങ്ങളിലൂടെ ഇടതുപക്ഷം കരുത്താര്‍ജ്ജിക്കുമെന്നതില്‍ ഒരു സംശയവും വേണ്ടന്ന് അദ്ദേഹം പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement