ലണ്ടൻ∙ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും വിരാമമിട്ട് വിൻഡീസ് വംശജൻ ജോഫ്ര ആർച്ചർ ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടംപിടിച്ചു. ആദ്യം പ്രഖ്യാപിച്ച പതിനഞ്ചംഗ പട്ടികയിൽനിന്ന് പേസ് ബോളർ ഡേവിഡ് വില്ലിയെ നീക്കിയാണ് ആർച്ചറിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇത് ഉൾപ്പെടെ മൂന്നു മാറ്റങ്ങളാണ് ആദ്യം പ്രഖ്യാപിച്ച ടീമിൽ വരുത്തിയത്. സ്പിന്നർ ജോ ഡെൻലിക്കു പകരം ലിയാം ഡേവ്‌സൻ, ലഹരിമരുന്നു കേസിൽ ഉൾപ്പെട്ട ഓപ്പണർ അലക്സ് ഹെയ്‌ൽസിനു പകരം ജയിംസ് വിൻസ് എന്നിവരെയും ഉൾപ്പെടുത്തി.
സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായി എണ്ണപ്പെടുന്ന ജോഫ്ര ആർച്ചറിനെ ആദ്യം പ്രഖ്യാപിച്ച ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്താത്തത് കടുത്ത വിമർശനത്തിനു വഴിവച്ചിരുന്നു. ഇതോടെ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തി. പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ ടീമിൽ ഉൾപ്പെടുന്ന കാര്യം തീരുമാനിക്കുമെന്നും സിലക്ടർമാർ അറിയിച്ചിരുന്നു.
പരമ്പരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് ആർച്ചറിന്റെ ടീമിലേക്കുള്ള വരവ് എളുപ്പമായത്. താരതമ്യേന മോശം പ്രകടനം നടത്തിയ ഡേവിഡ് വില്ലി പുറത്താവുകയും ചെയ്തു. സ്പിന്‍ ഓൾറൗണ്ടർ എന്ന നിലയിൽ ടീമിലെത്തിയ ജോ ഡെൻലിക്ക് അയർലൻഡ്, പാക്കിസ്ഥാൻ പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതാണ് വിനയായത്. ആഭ്യന്തര ക്രിക്കറ്റിൽ പുറത്തെടുത്ത മികവ് ഡേവ്‌സനു തുണയാവുകയും ചെയ്തു. ഓവലിൽ മേയ് 30ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മൽസരം.
ഡേവിഡ് വില്ലിയെ പുറത്താക്കാനുള്ള തീരുമാനം കഠിനമായിരുന്നുവെന്ന് സിലക്ടർ എഡ് സ്മിത്ത് വ്യക്തമാക്കി. ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ കഴിവുള്ള താരം തന്നെയാണ് വില്ലി. എന്നിട്ടും അദ്ദേഹത്തെ ഉൾപ്പെടുത്താനായില്ല. ഇതാണ് സ്പോർട്സ്. ചില സമയത്ത് അർഹിക്കുന്ന താരങ്ങളെ ഉൾപ്പെടുത്താന്‍ മാത്രം വലുപ്പം ടീമിനുണ്ടാകില്ലെന്നും സ്മിത്ത് പറഞ്ഞു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon