കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു വിവാദത്തിലകപ്പെട്ട മുൻ എംഎൽഎ എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണം . അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്നു വീക്ഷണം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. മഞ്ചേശ്വരം സീറ്റ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബിജെപിയിലേക്കു പോകുന്നത്. രാഷ്ട്രീയ അഭയം നൽകിയ കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. ഇത്തരം അഞ്ചാംപത്തികളെ പാർട്ടിയിൽനിന്ന് പുറത്താക്കണം. കോൺഗ്രസിൽനിന്ന് ബിജെപിക്ക് മംഗളപത്രം രചിക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
അതേസമയം എ.പി. അബ്ദുല്ലക്കുട്ടിയുമായി ബിജെപി നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി സൂചന. അബ്ദുല്ലക്കുട്ടി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുന്നതായി ബിജെപി കണ്ണൂർ ജില്ലാ നേതൃത്വം വ്യക്തമാക്കി. അബ്ദുല്ലക്കുട്ടി പാർട്ടിയിൽ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി.എം.സുധീരൻ പറഞ്ഞു.
കോൺഗ്രസ് അച്ചടക്ക നടപടിയെടുത്തേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അബ്ദുല്ലക്കുട്ടിയെ പാർട്ടിയിൽ ചേർക്കാനുള്ള ശ്രമങ്ങൾ ബിജെപി ഊർജിതമാക്കിയത്. അബ്ദുല്ലക്കുട്ടിയുമായി ജില്ലാ നേതൃത്വം അനൗദ്യോഗിക ചർച്ചകൾ നടത്തിയതായാണ് വിവരം. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് നടപടിയുടെ രൂപത്തിലെത്താത്തതിനാൽ അബ്ദുല്ലക്കുട്ടി വ്യക്തമായ മറുപടിയും നൽകിയിട്ടില്ല. എല്ലാ നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.
കണ്ണൂർ ഡിസിസിയുടെ പരാതിയിൽ അബ്ദുല്ലക്കുട്ടിയോട് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ചിരുന്നു. ഈ വിശദീകരണം ലഭിച്ച ശേഷം അബ്ദുല്ലക്കുട്ടിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണു സൂചന.
This post have 0 komentar
EmoticonEmoticon