തൃശൂർ : സംവിധായകൻ ശ്രീകുമാർ മേനോനും പ്രമുഖ മാധ്യമപ്രവർത്തകൻ മാത്യു സാമുവലിനുമെതിരെ കല്യാണ്‍ ജ്വല്ലേഴ് ഗ്രൂപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു . കമ്പനിക്കെതിരായി ഗൂഢാലോചന നടത്തല്‍, മാനനഷ്ടമുണ്ടാക്കല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചുള്ള പരാതിയില്‍ തൃശ്ശൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കല്യാണ്‍ ജ്വല്ലേഴ്‌സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും യാതൊരു ജാമ്യമോ പണയമോ ഇല്ലാതെ പതിനായിരം കോടി രൂപയോളം വായ്പയെടുത്തിട്ടുണ്ടെന്നും ബാങ്കുകളെ കബളിപ്പിച്ച് കടന്നുകളയുന്ന വ്യവസായികളുടെ ശൃംഖലയിലെ ഏറ്റവുമൊടുവിലത്തെ കണ്ണിയായിരിക്കും കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമകള്‍ എന്നും ആരോപിച്ച് മാത്യു സാമുവല്‍ മുൻപ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു . അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാത്യു സാമുവൽ ആരോപണങ്ങൾ ആവർത്തിച്ചിരുന്നു.
വീഡിയോ തമിഴ്‌നാട്ടില്‍ ചര്‍ച്ചയാവുകയും ഉപഭോക്താക്കള്‍ക്കിടയില്‍ പരിഭ്രമം സൃഷ്ടിക്കുകയും ചെയ്തതോടെയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് പൊലീസില്‍ പരാതിനല്കാൻ നിർബന്ധിതരായത് . ചീഫ് ജനറല്‍ മാനേജര്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഐപിസി 120B, 427, 469, 500, കേരള പൊലീസ് ആക്ടിലെ 120(O) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാത്യു സാമുവല്‍, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം അഭിമുഖം സംപ്രേഷണം ചെയ്ത റെഡ് പിക്‌സ് മീഡിയയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
പതിനായിരം കോടി രൂപയോളം കല്യാണ്‍ എസ്.ബി.ഐയില്‍ നിന്നും വായ്പയെടുത്തിട്ടുള്ളതിന്റെ രേഖകള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനി (ROC) യുടെ വെബ്‌സൈറ്റിലുണ്ടെന്നും, ഇത്രയും തുകയ്ക്ക് യാതൊരു ജാമ്യമോ പണയമോ കമ്പനി കാണിച്ചിട്ടില്ലെന്നും മാത്യു സാമുവല്‍ പറയുന്നു. സ്വര്‍ണവ്യാപാരം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് ഒരിക്കലും ഇത്രയും വലിയ തുക അടച്ചു തീര്‍ക്കാന്‍ സാധിക്കില്ലെന്നും, വിജയ് മല്യയ്ക്കും നിരവ് മോദിക്കും ശേഷം കടക്കെണിയില്‍ വിദേശത്തേക്കു കടക്കുന്നത് കല്യാണിന്റെ ഉടമസ്ഥരായിരിക്കുമെന്നുമായിരുന്നു റെഡ് പിക്‌സ് മീഡിയയുടെ വീഡിയോയില്‍ മാത്യു സാമുവലിന്റെ പരാമര്‍ശം. തമിഴ്‌നാട്ടിലെ ജനങ്ങളില്‍ നിന്നും ഗോള്‍ഡ് സ്‌കീം എന്ന പേരില്‍ ഇപ്പോള്‍ കമ്പനി തുകകള്‍ ശേഖരിക്കുകയാണെന്നു വിശദീകരിക്കുന്ന വീഡിയോയില്‍, ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന ഈ തുകകള്‍ കൊണ്ട് ഉടമസ്ഥര്‍ ആഢംബര ജീവിതം നയിക്കുകയാണെന്നും ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ കമ്പനി ചീഫ് ജനറൽ മാനേജർ നിഷേധിച്ചിരുന്നു.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന വി.എ ശ്രീകുമാര്‍ മേനോനും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പങ്കുണ്ടെന്നാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയില്‍ സൂചിപ്പിക്കുന്നത്. കല്യാണുമായി മുന്‍പ് സഹകരിച്ചിരുന്ന ശ്രീകുമാര്‍ മേനോന്‍, ഇടക്കാലത്ത് ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കമ്പനിയില്‍ നിന്നും പുറത്തു പോകുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വിരോധമാണ് ശ്രീകുമാര്‍ മേനോനെ കല്യാണിനെതിരായ ഗൂഢാലോചനയുടെ ഭാഗമാക്കിയതെന്നാണ് കമ്പനി ഉയര്‍ത്തുന്ന ആരോപണം.
കേസ് രജിസ്റ്റര്‍ ചെയ്തുവെന്നല്ലാതെ ഇതേക്കുറിച്ച് കൂടുതലൊന്നും തനിക്കറിയില്ലെന്നാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. അതേസമയം, തന്റെ പക്കലുള്ള രേഖകള്‍ വ്യക്തമാണെന്നും, കല്യാണ്‍ ജ്വല്ലേഴ്‌സ് വ്യക്തമായ കണക്കുകള്‍ പുറത്തു വിടാന്‍ മടിക്കുകയാണെന്നും മാത്യു സാമുവൽ വ്യക്തമാക്കി
This post have 0 komentar
EmoticonEmoticon