ലണ്ടൻ : ലോകകപ്പിൽ ഇന്ന് ചിരവൈരികളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്സിൽ ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം. ആഷസിലെ ഏറ്റുമുട്ടലിനെ അനുസ്മരിപ്പിക്കും എന്നതിനാൽ ഇന്നത്തെ മത്സരത്തിന് പ്രാധാന്യം ഏറെയാണ്. ലോകകപ്പിലെ മത്സരങ്ങൾ ഉച്ചസ്ഥായിയിൽ എത്തി നിൽക്കെ വൈറ്റ് ബോൾ ചലഞ്ച്
ഏറ്റെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും. പോയിന്റ് പട്ടികയിൽ മുന്നിലെത്തുക എന്ന ലക്ഷ്യം മുന്നിലുള്ളപ്പോൾ ചിരവൈരികളുടെ ഏറ്റുമുട്ടലിന് ആഷസിനേക്കാൾ വീര്യം കൂടും . പോയിന്റ് പട്ടികയിൽ സുരക്ഷിത സ്ഥാനത്താണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും. പക്ഷെ, ലോർഡ്സിലെ പരാജയം ആർക്കായാലും വരാനിരിക്കുന്ന മത്സരങ്ങളിൽ സമ്മർദമുണ്ടാക്കും. ക്യാപ്റ്റൻസ് ഇന്നിങ്സ് തന്നെയാകും ഇന്നത്തെ പ്രത്യേകത. ഒയിൻ മോർഗനും ആരോൺ ഫിഞ്ചും മികച്ച ഫോമിലാണ്. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാൻ കഴിവുള്ളവരാണ് ഇരുകൂട്ടരും.
സ്ഥിരതയോടെ കളിക്കുന്നതിനാൽ ഓസ്ട്രേലിയൻ നിരയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഓപ്പണിങ്ങിൽ ഫിഞ്ചിനൊപ്പം വാർണറർ വീണ്ടും അത്ഭുതം സൃഷ്ടിക്കുമോ എന്നേ ഇനി അറിയാനുള്ളൂ. പിന്നാലെ ഖവാജയും സ്മിത്തും മാക്സ്വല്ലും അടക്കമുള്ള വെടിക്കെട്ട് താരങ്ങളും. വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള മിച്ചേൽ സ്റ്റാർക്കിനൊപ്പം ന്യൂബോൾ കൈകാര്യം ചെയ്യാൻ പാറ്റ് കമ്മിൻസും കളി കാര്യമാകുമ്പോൾ വഴി തിരിച്ചുവിടാൻ കോൾട്ടർ നീലും ആദം സാംപയും ഉണ്ട്.
ശ്രീലങ്കയോട് തോറ്റതും ജേസൺ റോയിയുടെ പരിക്കും ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ട്. ഓപ്പണർമാർ തിളങ്ങിയില്ലെങ്കിലും ജോ റൂട്ടും ഒയിൻ മോർഗനും ബെൻ സ്റ്റോക്സും ഫോമിലാണ്. പിൻനിരയിലുമുണ്ട് ബാറ്റിങ് അറിയാവുന്നവർ. സ്റ്റാർക്കിനൊപ്പം ജോഫ്ര ആർച്ചറും വിക്കറ്റ് നേട്ടത്തിൽ ഒപ്പമാണ്. ക്രിസ് വോക്സ് തുടരും. മാർക്ക് വുഡും തുടർന്നേക്കും. മോയിൻ അലിയുടെയും ആദിൽ റഷീദിന്റെയും സ്പിൻ മികവ് ഇംഗ്ലണ്ട് പ്രയോജനെപ്പെടുത്തും.
ഓസ്ടേലിയയും ഇംഗ്ലണ്ടും ലോകകപ്പിൽ നേർക്കു നേർ വന്നത് ഏഴുതവണ. രണ്ടെണ്ണത്തിൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ അഞ്ചെണ്ണം വിജയിച്ച ഓസ്ട്രേലിയക്കാണ് കണക്കിലെ കളിയിൽ മുൻതൂക്കം. ഇരുടീമുകളും 147 തവണ ഏറ്റുമുട്ടിയപ്പോൾ 81 കളികളിൽ ഓസ്ട്രേലിയയും 61 കളികളിൽ ഇംഗ്ലണ്ടും വിജയിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon