തിരുവനന്തപുരം: പത്ത് ദിവസത്തെ ഇടവേളക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും. എഐഎസ്എഫിന് പിന്നാലെ കെഎസ്‍യുവും നാളെ കോളേജിൽ യൂണിറ്റ് തുടങ്ങാനാണ് ശ്രമം. കനയ്യകുമാറിനെ ക്യാമ്പസിലെത്തിക്കാനാണ് എഐഎസ്എഫ് നീക്കം. പരമാവധി വിദ്യാർഥികളെ ഒപ്പം നിർത്താനുള്ള നടപടികൾ എസ്എഫ്ഐയും തുടരുന്നു.
യൂണിവേഴ്സിറ്റി കോളേജ് വിവാദം വലിയ രാഷ്ട്രീയ പ്രശ്നമായി വളർന്ന സാഹചര്യത്തിലാണ് കോളേജ് തുറക്കുന്നത്. സ്ഥിരം പ്രിൻസിപ്പാളിനെ വെച്ചും മൂന്ന് അധ്യാപകരെ സ്ഥലംമാറ്റിയതിനും പിന്നാലെ അധ്യാപകരെ മാറ്റുന്നതടക്കമുള്ള കൂടുതൽ ശുദ്ധീകലശത്തിനാണ് സർക്കാർ ശ്രമം. എസ്എഫ്ഐ നേതൃത്വത്തിനെതിരെ വിദ്യാർഥികൾ രംഗത്തെത്തിയ സാഹചര്യം മുതലാക്കിയാണ് എഐഎസ്എഫ് യൂണിറ്റ് തുടങ്ങിയതായി പ്രഖ്യാപിച്ചത്. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിനായെത്തുന്ന കനയ്യകുമാറിനെ ക്യാമ്പസിലെത്തിച്ച് ഒന്നിന് കൊടിമരം സ്ഥാപിക്കാനാണ് ശ്രമം. സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന കെഎസ്‍യുവിന്‍റെ ലക്ഷ്യവും യൂണിറ്റ് തന്നെയാണ്.
കടുത്ത പ്രതിരോധത്തിലായ എസ്എഫ്ഐ കുത്തേറ്റ അഖിലിനെ അടക്കം ഉൾപ്പെടുത്തിയ അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കിയാണ് വിമർശനങ്ങൾ മറികടക്കാനൊരുങ്ങുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ ദിവസത്തെ അവകാശപത്രികാ റാലിയിൽ നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ചവരെയും ഇറക്കിയ എസ്എഫ്ഐ ക്യാമ്പസിലെ കരുത്ത് ചോരാതിരിക്കാനുള്ള തെറ്റ്തിരുത്തൽ നടപടികളിലാണ്. 25ന് കോളേജിന് മുന്നിൽ എസ്എഫ്ഐ മഹാപ്രതിരോധം തീർക്കുന്നുണ്ട്. കോളേജ് തുറക്കുന്ന ആദ്യ ദിനങ്ങളിൽ കനത്ത പൊലീസ് കാവലുണ്ടാകും. ക്ലാസ് തുടങ്ങിയാലും പരീക്ഷാക്രമക്കേടിലെ സമരങ്ങൾ തുടരാനാണ് പ്രതിപക്ഷ വിദ്യാർഥി-യുവജന സംഘടനകളുടെ തീരുമാനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon