കര്‍ണാടക: എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടും. ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ്, പ്രമേയത്തിന്മേലുള്ള ചര്‍ച്ച അവസാനിപ്പിച്ച് തിങ്കളാഴ്ച വോട്ടുതേടാന്‍ ഭരണപക്ഷം തീരുമാനിച്ചത്. വിമതരെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കോണ്‍ഗ്രസും ജെ.ഡി.എസും. എന്നാല്‍ മുംബൈയിലുള്ള വിമതരെ ബന്ധപ്പെടാന്‍ പോലും ഇനിയും സാധിച്ചിട്ടില്ല. ബി.എസ്.പി എം.എല്‍.എ എന്‍. മഹേഷ് വിശ്വാസവോട്ടില്‍ പങ്കെടുക്കില്ലെന്ന സൂചനകളും ഇപ്പോള്‍ വരുന്നുണ്ട്.
വിമതരില്‍ നാലുപേരെയെങ്കിലും തിരികെയെത്തിയ്ക്കാന്‍ സാധിയ്ക്കുമെന്ന പ്രതീക്ഷയാണ് ഭരണപക്ഷത്തിന് ഇപ്പോഴുമുള്ളത്. ആനന്ദ് സിങ്, മുനിരത്‌ന, ഗേപാലയ്യ, കെ. സുധാകര്‍ എന്നിവരിലാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി കുമാരസ്വാമിയും രാമലിംഗറെഡ്ഡിയും മുംബൈയിലേയ്ക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും സാധിച്ചിട്ടില്ല. നാളെ രാവിലെ 11നാണ് സഭ വീണ്ടും സമ്മേളിയ്ക്കുക. വിശ്വാസവോട്ടിന്മേലുള്ള ചര്‍ച്ച തുടരും. അതിന് ശേഷം വോട്ടിലേയ്ക്ക് പോകും.
സഭയിലെത്താത്ത എം.എല്‍.എമാര്‍ക്കെതിരെ വിപ്പ് നല്‍കുന്നതില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട്, കോണ്‍ഗ്രസും ജെ.ഡി.എസും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും. കോടതിയുടെ നിര്‍ദ്ദേശങ്ങളും ഇനി സുപ്രധാനമാണ്. ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരുമായി കോണ്‍ഗ്രസ് - ജെ.ഡി.എസ് നേതൃത്വങ്ങള്‍ നിരന്തരമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ഗവര്‍ണര്‍ വാജുഭായി വാലയുടെ ഇടപെടലുകളും പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സഭയില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ, മറ്റൊരു റിപ്പോര്‍ട്ട് കൂടി അയക്കുമെന്ന സൂചനകളുമുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon