മുംബൈ∙ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ 'ഡി' കമ്പനിക്കെതിരെ പിടിമുറുക്കി മുംബൈ പൊലീസ്. ദാവൂദിന്റെ സഹോദരപുത്രനെയും 'ഡി' കമ്പനിയുടെ ഹവാല ഇടപാടുകാരനേയും അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു.
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കറിന്റെ മകൻ റിസ്വാനെ രഹസ്യനീക്കത്തിലൂടെയാണ് മുംബൈ പൊലീസ് കുടുക്കിയത്. ‘ഡി’ കമ്പനിയുടെ കണ്ണികൾക്കായി പൊലീസ് വല വിരിച്ചതിനാൽ രാജ്യം വിടാൻ ശ്രമിക്കുകയായിരുന്നു റിസ്വാൻ. ഇന്നലെ രാത്രി മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. റിസ്വാനെതിരെ ഹവാല പണമിടപാട്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നീ കേസുകളുണ്ട്.
‘ഡി’ കമ്പനിയുടെ ഇന്ത്യയിലെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇയാളിൽനിന്നു ലഭിച്ചെന്നാണ് സൂചന. ദാവൂദിന്റെ വിശ്വസ്തനും ഛോട്ടാ ഷക്കീലിൻറെ അനുയായിയുമായ അഹമ്മദ് റാസയും മുംബൈ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ അഹമ്മദ് റാസയെ മുംബൈ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ദാവൂദിന്റെ അടുത്ത അനുയായി ഫാഹിം മച്ച്മച്ചിന് ഛോട്ടാ ഷക്കീലിന്റെ നിർദേശങ്ങൾ കൈമാറി ഡി കമ്പനിയുടെ ഹവാല ബന്ധം ശക്തിപ്പെടുത്തിയിരുന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു.
‘ഡി’ കമ്പനി മുംബൈ, താനെ, സൂറത്ത് എന്നിവടങ്ങളിലെ വ്യാപാരികൾക്കിടയിൽ ഹവാല പണമിടപാടിന് ചുക്കാൻ പിടിക്കുന്നു എന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടത്തൽ. പാക്കിസ്ഥാനിൽ താമസിച്ച് ഇന്ത്യയിൽ നീക്കങ്ങൾ നടത്തുന്ന ദാവൂദിന്റെ കൂടുതൽ സഹായികളെ കണ്ടെത്താൻ മുംബൈ പൊലീസ് അന്വേഷണം തുടരുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon