കൊച്ചി ∙ കേന്ദ്ര ബജറ്റിലെ ചില നിർദേശങ്ങളെത്തുടർന്നു നിരാശയിലമർന്ന ഓഹരി വിപണിക്ക് ഇനി പ്രതീക്ഷയുടെ ദിനങ്ങൾ. ബജറ്റ് നിർദേശങ്ങൾ പ്രാവർത്തികമാകുമ്പോൾ വിപണി നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ അത്ര ഗുരുതരമായിരിക്കില്ലെന്ന തിരിച്ചറിവാണു പ്രതീക്ഷകൾക്ക് അടിസ്‌ഥാനം. കോർപറേറ്റ് മേഖലയിൽനിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസ (ക്യു 1) പ്രവർത്തന ഫലങ്ങളും വിപണിക്കു പ്രതീക്ഷ പകരുന്നതാണ്.
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിക്കുമ്പോൾ സെൻസെക്‌സ് 40,032.41 പോയിന്റിലായിരുന്നു; നിഫ്‌റ്റി 11,981.75 പോയിന്റിലും. ബജറ്റ് ദിനം ഉൾപ്പെടെ ആറു വ്യാപാര ദിനങ്ങൾ പിന്നിട്ടിരിക്കെ സെൻസെക്‌സിൽ 1296.18 പോയിന്റും നിഫ്‌റ്റിയിൽ 429.25 പോയിന്റും നഷ്‌ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ വിദേശ ധന സ്‌ഥാപനങ്ങൾ (എഫ്‌ഐഐ) ഇന്ത്യയിലെ ഓഹരി വിപണിയിൽനിന്നു പിൻവലിച്ചതാകട്ടെ 2000 കോടിയിലേറെ രൂപയും.
വിപണിയെ പ്രധാനമായും നിരാശപ്പെടുത്തിയ മൂന്നു നിർദേശങ്ങൾ ഇവയാണ്: 1. ലിസ്‌റ്റഡ് കമ്പനികളിലെ പൊതുപങ്കാളിത്തം 35 ശതമാനമായി വർധിപ്പിക്കൽ. 2. ഉയർന്ന ആസ്‌തി മൂല്യമുള്ള വ്യക്‌തി (എച്ച്‌എൻഐ) കളിൽനിന്ന് ഈടാക്കുന്ന ആദായ നികുതിയിന്മേലുള്ള കനത്ത സർച്ചാർജ്. 3. കമ്പനികൾ തിരികെ വാങ്ങുന്ന ഓഹരികളിന്മേൽ 20% നികുതി
ഈ നിർദേശങ്ങളൊന്നും ഒറ്റയടിക്കു വിപണിയെ പ്രതിസന്ധിയിലാക്കുന്നവയല്ലെന്നു നിക്ഷേപകർ ഇപ്പോൾ തിരിച്ചറിയുന്നു. ലിസ്‌റ്റഡ് കമ്പനികളിലെ പൊതുപങ്കാളിത്തം 35 ശതമാനമായി വർധിപ്പിക്കാനുള്ള നിർദേശം പൂർണമായി നടപ്പാകണമെങ്കിൽ രണ്ടു വർഷമെങ്കിലുമെടുക്കുമെന്നാണു കണക്കാക്കുന്നത്. ആദായ നികുതിയിന്മേലുള്ള കനത്ത സർച്ചാർജ് ബാധകമായിട്ടുള്ള ഉയർന്ന ആസ്‌തി മൂല്യമുള്ള വ്യക്‌തികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ മാത്രമാണെന്നും കണക്കാക്കുന്നു. ഓഹരികൾ തിരികെ വാങ്ങാനുള്ള നീക്കത്തിൽനിന്നു പല കമ്പനികളും പിന്മാറുകയാണെന്നതും നിക്ഷേപകർക്ക് ആശ്വാസകരമാണ്.
ടിസിഎസ്, ഇൻഫോസിസ് എന്നീ ഐടി കമ്പനികളും ഇൻഡസ്‌ഇൻഡ് ബാങ്ക്, കർണാടക ബാങ്ക് എന്നീ ബാങ്കുകളുമാണു ക്യു 1 പ്രവർത്തന ഫലങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞ പ്രധാന കമ്പനികൾ. ടിസിഎസ്, ഇൻഫോസിസ് ഫലങ്ങൾ ഐടി വ്യവസായത്തിന്റെ നില മെച്ചപ്പെടുകയാണെന്നു സൂചിപ്പിക്കുന്നു. ഇൻഡസ്‌ഇൻഡ് ബാങ്ക്, കർണാടക ബാങ്ക് ഫലങ്ങൾ സ്വകാര്യ ബാങ്കുകളുടെ ശുഭകരമായ ഭാവിയിലേക്കാണു വിരൽ ചൂണ്ടുന്നത്. പുറത്തുവരാനിരിക്കുന്ന പ്രവർത്തനഫലങ്ങളിൽ പലതും മെച്ചപ്പെട്ടതായിരിക്കുമെന്നും നിക്ഷേപകർ പ്രതീക്ഷിക്കുന്നു
ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കു നാലു ശതമാനത്തിൽ താഴെയായി തുടരുകയാണ്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ചു നിരക്ക് 3.18% മാത്രം. മുൻ വർഷം ജൂണിൽ നിരക്ക് 4.92 ശതമാനമായിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെയായി തുടരുന്നതു വായ്‌പ നിരക്കുകൾ കുറയ്‌ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്. ഇതും വിപണിക്കു പ്രതീക്ഷ പകരുന്നു.
തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ തോതു പ്രതീക്ഷിച്ച അളവിൽ ലഭിക്കുന്നില്ലെങ്കിലും വരൾച്ചയ്‌ക്കു സാധ്യതയില്ലെന്നാണ് അനുമാനം. ഇതു ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥ ദുർബലമാകില്ലെന്നും ഉപഭോഗത്തിന്റെ തോതിൽ കാര്യമായ ഇടിവുണ്ടാകില്ലെന്നും പ്രതീക്ഷിക്കാൻ വിപണിയെ പ്രേരിപ്പിക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon