വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്തിട്ടുണ്ട്. 81 റൺസെടുത്ത അജിങ്ക്യ രഹാനെയുടെ ഇന്നിംഗ്സാണ് കൂട്ടത്തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. രഹാനെയെക്കൂടാതെ ലോകേഷ് രാഹുൽ, ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവർ മാത്രമാണ് ഇന്ത്യയിൽ രണ്ടക്കം കടന്നത്. വിൻഡീസിനു വേണ്ടി കെമാർ റോച്ച് മൂന്നു വിക്കറ്റ് വീഴ്ത്തി.
രോഹിത് ശർമ്മയെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ലോകേഷ് രാഹുൽ മായങ്ക് അഗർവാളും ചേർന്ന് ഇന്ത്യയുടെ ബാറ്റിംഗ് ഓപ്പൺ ചെയ്തു. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച വിൻഡീസിനു കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു. അഞ്ചാം ഓവറിൽ അഗർവാൾ (5), ചേതേശ്വർ പൂജാര (2) എന്നിവരെ പുറത്താക്കിയ കെമാർ റോച്ച് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകി. എട്ടാം ഓവറിൽ ഷാനോൻ ഗബ്രിയേലിനു വിക്കറ്റ് സമ്മാനിച്ച് കോലിയും (9) മടങ്ങിയതോടെ ഇന്ത്യ വലിയ ഒരു തകർച്ച മുന്നിൽ കണ്ടു.
നാലാം വിക്കറ്റിൽ ഒത്തു ചേർന്ന രഹാനെ-രാഹുൽ സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 68 റൺസ് കൂട്ടിച്ചേർത്ത ഇരുവരും 35ആം ഓവറിൽ വേർപിരിഞ്ഞു. 44 റൺസെടുത്ത രാഹുലിനെ റോസ്റ്റൺ ചേസ് പുറത്താക്കി. പിന്നീട് അഞ്ചാം വിക്കറ്റിൽ ഹനുമ വിഹാരി രഹാനെയ്ക്ക് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യ അപകടം ഒഴിവാക്കി. ഇരുവരും ചേർന്ന് 82 റൺസ് സ്കോർബോർഡിലേക്ക് ചേർത്തു. 55ആം ഓവറിൽ 32 റൺസെടുത്ത വിഹാരിയെ പുറത്താക്കിയ കെമാർ റോച്ച് ഈ കൂട്ടുകെട്ട് പൊളിച്ചു.
60ആം ഓവറിൽ 81 റൺസെടുത്ത രഹാനെയും പുറത്തായി. ഷാനോൻ ഗബ്രിയേലിനായിരുന്നു വിക്കറ്റ്. 68. 5 ഓവറുകൾ ആയപ്പൊഴേക്കും മഴ പെയ്തതിനെത്തുടർന്നാണ് ആദ്യ ദിവസത്തെ കളി മതിയാക്കിയത്. 20 റൺസെടുത്ത ഋഷഭ് പന്തും 3 റൺസെടുത്ത രവീന്ദ്ര ജഡേജയും പുറത്താവാതെ നിൽക്കുകയാണ്.
This post have 0 komentar
EmoticonEmoticon