കൊച്ചി: മരടിലെ നാല് ഫ്ലാറ്റുകളിൽ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് അധികൃതര്‍ വൈദ്യുതി വിച്ഛേദിക്കാനെത്തിയത്. ഫ്ലാറ്റുടമകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
എല്ലാത്തരത്തിലും മനുഷ്യത്തരഹിതമായ നടപടിയാണ് സർക്കാർ തങ്ങൾക്കെതിരെ എടുത്തിരിക്കുന്നതെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യൻ പൗരൻമാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്. ഞങ്ങൾക്ക് നീതി വേണമെന്നും ഫ്ലാറ്റ് ഉടമകൾ പറയുന്നു. നഗരസഭയുടെ നീക്കങ്ങളിൽ ഭയപ്പെടില്ലെന്നും എന്ത് തന്നെ വന്നാലും ഫ്ലാറ്റുകളിൽ നിന്ന് താമസം മാറില്ലെന്നുമാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.
നാളെ സുപ്രീം കോടതി മരട് ഫ്ലാറ്റ് വിഷയം വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെയും മരട് നഗരസഭയുടെയും അതിവേഗ നീക്കങ്ങൾ. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ വൈകുന്നതിൽ സുപ്രീം കോടതിയിൽ നിന്ന് രൂക്ഷ വിമർശനമാണ് സർക്കാരിന് നേരിടേണ്ടി വന്നത്.
ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി വൈദ്യുതി , ജലവിതരണം തുടങ്ങിയവ നിർത്തലാക്കാൻ വൈദ്യുതി വകുപ്പും ജലസേചന വകുപ്പും ഇന്നലെ ഫ്ലാറ്റുകളിലെത്തി നോട്ടീസ് പതിച്ചിരുന്നു. നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സബ് കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി.
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ചുമതലയുള്ള മരട് നഗരസഭ സെക്രട്ടറിയും ഫോർട്ട് കൊച്ചി സബ് കളക്റ്ററുമായ സ്നേഹിൽ കുമാർ സിംഗ് ഇന്ന് മരടിലെ ഫ്ലാറ്റുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്താനും സാധ്യതയുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon