യുണൈറ്റഡ് നേഷന്‍സ്: കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം വികാരഭരിതമായിരുന്നു. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നിങ്ങള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളോട് അവള്‍ ചോദിച്ചു. നിങ്ങള്‍ക്കിതിനെങ്ങനെ ധൈര്യം വന്നുവെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ് രോഷാകുലയായി.
'ഇതെല്ലാം തെറ്റാണ്. ഞാനിവിടെ വരേണ്ടതല്ല. ഞാനിപ്പോള്‍ സ്‌കൂളിലാണ് ഉണ്ടാവേണ്ടിയിരുന്നത്. എന്നിട്ട് ഞങ്ങളെപ്പോലുള്ള കുട്ടികളില്‍ പ്രതീക്ഷ തേടി നിങ്ങള്‍ വരുന്നു. എങ്ങനെ ധൈര്യംവരുന്നു നിങ്ങള്‍ക്കതിന്? നിങ്ങളുടെ പൊളളവാക്കുകള്‍ക്കൊണ്ട് എന്റെ സ്വപ്‌നങ്ങളും ബാല്യവും നിങ്ങള്‍ കവര്‍ന്നു. മനുഷ്യര്‍ ദുരിതമനുഭവിക്കുകയാണ്, മരിക്കുകയാണ്, മുഴുവന്‍ ആവാസവ്യവസ്ഥയും തകരുകയാണ്. വലിയ വിനാശത്തിന്റെ വക്കിലാണ് നാം. എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള കെട്ടുകഥകള്‍ പറയാന്‍ എങ്ങനെ ധൈര്യംവരുന്നു?',ഗ്രേറ്റ തുന്‍ബര്‍ഗ് ചോദിച്ചു.
കാലാവസ്ഥാ പ്രതിസന്ധിക്കെതിരായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമായി മാറിയിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്എ ന്ന സ്വീഡിഷ് പെണ്‍കുട്ടി. ഗ്രേറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ 139 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ഗ്രേറ്റ ആവശ്യപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടന്നു കഴിഞ്ഞു. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ ന്യൂയോര്‍ക്കില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കി. വിഷയത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം.
എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് ഗ്രേറ്റ തുന്‍ബര്‍ഗ്.

This post have 0 komentar
EmoticonEmoticon