തിരുവനന്തപുരം: പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശിനുനേരെ പ്രതിഷേധവും കൈയേറ്റശ്രമവും. പൂജപ്പുര സരസ്വതിമണ്ഡപം ഓഡിറ്റോറിയത്തില്‍ വൈദ്യസഭയുടെ സൗജന്യ നാട്ടുചികിത്സാ പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി. കൈയേറ്റശ്രമത്തിനുപിന്നില്‍ ഹിന്ദുത്വശക്തികളാണെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു.
തനിക്കുനേരെ രണ്ടുതവണ കൈയേറ്റശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത്തരമൊരു സംഭവം നടന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ''എനിക്കുപറയാനുള്ളത് പറയാന്‍ അനുവദിച്ചില്ല. ഒട്ടേറെത്തവണ കേരളത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇത്തരമൊരു സംഭവം ആദ്യമാണ്. പോലീസ് നോക്കിനില്‍ക്കെയാണ് അക്രമമുണ്ടായത്'' -സ്വാമി പറഞ്ഞു. പരാതിനല്‍കാനും സ്വാമി അഗ്നിവേശ് ആലോചിക്കുന്നുണ്ട്.
സൗജന്യ നാട്ടുചികിത്സാക്യാമ്പും പ്രചാരണപരിപാടികളുമാണ് സംഘടിപ്പിച്ചിരുന്നത്. ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരനെയാണ് ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം തിരക്കിലായതിനാല്‍ എത്തില്ലെന്നറിയിച്ചു. തുടര്‍ന്നാണ് സ്വാമി അഗ്നിവേശിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്.
എന്നാൽ, സ്വാമി അഗ്നിവേശിനെ ഇവിടെ പ്രവേശിപ്പിക്കാനും പ്രസംഗിക്കാനും അനുവദിക്കില്ലെന്നും പറഞ്ഞു ഒരു സംഘം പ്രതിഷേധവുമായി വരികയായിരുന്നു. മുദ്രാവാക്യംവിളികളുമായി അവര്‍ വേദിക്കുമുന്നിലെത്തി. ചിലര്‍ വേദിയിലേക്കുകയറി സ്വാമിയെ തടയാനും കൈയേറ്റംചെയ്യാനും ശ്രമിച്ചതോടെ സ്വാമിതന്നെ വേദിയില്‍നിന്ന് ഇറങ്ങിപ്പോയി.
ഇതിനിടെ, നാട്ടുചികിത്സാ ക്യാമ്പിനെത്തുന്നന്നവര്‍ക്ക് അംഗീകാരമില്ലെന്ന പരാതി വന്നതോടെ ക്യാമ്പ് നടത്താനാവില്ലെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ, ബോധവത്‌കരണപരിപാടി നടത്താന്‍ വൈദ്യസഭ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഉദ്ഘാടനത്തിടെയാണ് പ്രതിഷേധമുയർന്നത്. സംഭവത്തിൽ പരാതി കിട്ടാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൂജപ്പുര പോലീസ് അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon