കോഴിക്കോട്: പൊന്നാമറ്റത്തെ ഗൃഹനാഥൻ ടോം തോമസിന്‍റെ സ്വത്ത് മുഴുവൻ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിനെക്കുറിച്ച് കൂടത്തായി വില്ലേജ് ഓഫീസിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കാണാനില്ല. ഇത് മുക്കിയതിൽ അന്ന് ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ജയശ്രീയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. വസ്തുവിന്‍റെ നികുതിയടച്ച് രശീതി നൽകിയതടക്കം പല തട്ടിപ്പുകൾക്കും കൂട്ടു നിന്നത് ജയശ്രീയാണ് എന്നാണ് ജോളി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജയശ്രീയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബാലുശ്ശേരിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
അതേസമയം, ഇത് പൊലീസ് പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എസ് സാംബശിവറാവു വ്യക്തമാക്കി. പൊലീസ് റിപ്പോർട്ട് വിശദമായി പരിശോധിച്ച് ജയശ്രീയ്ക്ക് എതിരെ നടപടിയെടുക്കണോ എന്ന കാര്യം തീരുമാനിക്കും. ഇപ്പോൾ തഹസിൽദാർ പദവിയിലാണ് ജയശ്രീ ജോലി ചെയ്യുന്നത്.
അന്വേഷണ വിവരം സംബന്ധിച്ച് റൂറൽ എസ്‍പി കെ ജി സൈമണുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും, റവന്യൂ വകുപ്പ് ഒസ്യത്ത് തട്ടിപ്പ് നടത്തിയതിൽ പ്രാഥമിക അന്വേഷണം നടന്ന് കഴിഞ്ഞെന്നും എസ് സാംബശിവറാവു വ്യക്തമാക്കി. ജയശ്രീയ്ക്ക് എതിരെ നടപടി വരുമെന്നതിന്‍റെ വ്യക്തമായ സൂചനയാണിത്.
This post have 0 komentar
EmoticonEmoticon