മദ്രാസ്: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ അനുനയശ്രമവുമായി മദ്രാസ് ഐഐടി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കുമെന്ന് ക്യാംപസ് അധികൃതർ അറിയിച്ചു. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിദഗ്ധസമിതിയെ നിയോഗിക്കും . വിദ്യാര്‍ഥികളുടെ സമര നോട്ടിസിനാണ് ഡീനിന്റെ മറുപടി.
എന്നാൽ ആഭ്യന്തര അന്വേഷണം അടക്കം ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നു നിലപാടിൽ നിന്നും ഐഐടി വിദ്യാര്‍ഥികള്‍ പിൻമാറിയില്ല. ഐ.ഐ.ടിക്ക് മുന്നില്‍ നിരാഹാരസമരം ഇന്നാരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
വിഷയം ചർച്ച ചെയ്യാൻ ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നൽകി. എന്‍. കെ. പ്രേമചന്ദ്രനാണ് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി പ്രധാനമന്ത്രിയെ കാണും.
അതേസമയം കേസില്‍ ആരോപണ വിധേയരായ അധ്യാപകരെ ചോദ്യം ചെയ്യും. മതപരമായ വിവേചനം കാണിച്ചുവെന്ന ആരോപണം നേരിടുന്ന സുദര്‍ശന്‍ പത്മനാഭന്‍ അടക്കം ഫാത്തിമയുടെ ആത്മഹത്യകുറിപ്പില്‍ പേര് പരാമര്‍ശിക്കുന്നവരെയാണ് ചോദ്യം ചെയ്യുക. അതിനിടെ കേന്ദ്ര വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ദളിത്,ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി.
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന ഐ.ജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് ആരോപണ വിധേയരെ ചോദ്യം ചെയ്യുക. ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പില്‍ പേരു പരാമര്‍ശിച്ചിരിക്കുന്ന ഐ.ഐ.ടിയിലെ ഹ്യുമാനീറ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അധ്യാപകരെ വിളിച്ചുവരുത്താനാണ് തീരുമാനം. എന്നാല്‍ എപ്പോൾ എവിടെ വച്ചു ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഈ അധ്യാപകരോട് ഐ.ഐ.ടി. ക്യാംപസ് വിട്ടുപോകരുതെന്ന് നേരത്തെ തന്നെ പൊലീസ് നിര്‍ദേശിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon