എറണാകുളം : കൊച്ചി മേയർ സൗമിനി ജയിനെതിരെ പടയൊരുക്കം ശക്തമാക്കി എ, ഐ ഗ്രൂപ്പുകൾ. മേയർ സ്ഥാനത്തു നിന്ന് സൗമിനിയെ നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ ആറ് വനിതാ കൗൺസിലർമാർ രംഗത്തെത്തി. രണ്ടര വർഷത്തിനു ശേഷം മേയർ സ്ഥാനമൊഴിയാമെന്ന മുൻ ധാരണ പാർട്ടിയിലുണ്ടായിരുന്നെന്നും മേയറെ അപമാനിച്ച് പുറത്താക്കാൻ ശ്രമിക്കുന്നെന്ന വിമർശനം തെറ്റാണെന്നുമാണ് വനിതാ കൗൺസിലർമാരുടെ വിശദീകരണം.
രണ്ടര വർഷത്തിനു ശേഷം സ്ഥാനമൊഴിയാമെന്ന പാർട്ടിയിലെ ധാരണ കുടുംബകാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി മേയർ ലംഘിച്ചെന്നാണ് സഹപ്രവർത്തകരായ ആറ് വനിതാ കൗൺസിലർമാരുടെ ആക്ഷേപം. മേയറെ അപമാനിച്ച് പുറത്താക്കാൻ ശ്രമിക്കുന്നെന്ന പ്രചാരണങ്ങളെയും വനിതാ കൗൺസിലർമാർ തള്ളിക്കളയുന്നു.
നേതൃത്വം മേയറെ മാറ്റിയില്ലെങ്കിൽ കെ പി സി സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ട് പ്രതിഷേധമറിയിക്കുമെന്നും പ്രഖ്യാപിച്ചു. മേയറെ അനുകൂലിച്ച് രണ്ട് വനിതാ കൗൺസിലർമാർ രംഗത്തെത്തിയതോടെയാണ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഉൾപ്പെടെ ആറു വനിതകളെ രംഗത്തിറക്കി മറുപക്ഷം പ്രതിഷേധം തീർത്തത്. വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മേയർ. നഗരത്തിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിലും കോർപറേഷൻ ഭരണമാറ്റം ചർച്ചയായി. എന്നാൽ തീരുമാനമെടുക്കേണ്ട കെ പി സി സി പ്രസിഡന്റ് മൗനം തുടരുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon