മുംബൈ: മഹാരാഷ്ട്ര സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 169 എംഎൽഎമാരുടെ പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പ് നേടിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാറിന് മറ്റൊരു പരീക്ഷണമാണിത്. മുൻ ബി.ജെ.പി. എം.പി.യും കോൺഗ്രസ് എംഎൽഎയുമായ നാനാ പട്ടോളെയാണ് മഹാവികാസ് അഘാഡി സർക്കാരിന്റെ സ്പീക്കർ സ്ഥാനാർഥി. കിസാൻ കാതോരെയെയാണ് സ്പീക്കർ സ്ഥാനാർഥിയായി ബി.ജെ.പി. നിർത്തിയിരിക്കുന്നത്. അട്ടിമറികളൊന്നുമില്ലെങ്കിൽ നാനാ പട്ടോളെ തന്നെ സ്പീക്കറാകും. രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ്.
നടപടിക്രമങ്ങൾ അട്ടിമറിച്ചെന്നാരോപിച്ച് വിശ്വാസവോട്ടെടുപ്പിനിടെ കഴിഞ്ഞ ദിവസം ബിജെപി സഭ ബഹിഷ്കരിച്ചിരുന്നു. നിയമസഭയിൽ ബി.ജെ.പി.യെ വരുതിയിൽനിർത്തുക എന്ന ഉദ്ദേശ്യംകൂടിയുണ്ട് നാനാ പട്ടോളയുടെ സ്ഥാനാർഥിത്വത്തിന്. വിദർഭ മേഖലയിലെ സകോളി മണ്ഡലത്തിൽനിന്നാണ് നാനാ പട്ടോളെ ജയിച്ചത്. കോൺഗ്രസ്, എൻ.സി.പി. പാർട്ടികളിലെ പ്രധാന നേതാക്കളെല്ലാം പശ്ചിമമഹാരാഷ്ട്രയിൽനിന്നോ, മറാഠ വിഭാഗത്തിൽനിന്നോ ഉള്ളവരാണ്. എന്നാൽ, നാനാ പട്ടോളെ ഒ.ബി.സി.യിൽപ്പെട്ട കുൻബി വിഭാഗത്തിലുള്ള ആളും. മാത്രമല്ല, സഖ്യത്തിന് അധികം പ്രാതിനിധ്യമില്ലാത്ത വിദർഭ മേഖലയിൽനിന്നുള്ള വ്യക്തിയും. സ്പീക്കർ സ്ഥാനാർഥിയാകാൻ നാനാ തിരഞ്ഞെടുക്കപ്പെടാൻ ഇതും കാരണമായി. കോൺഗ്രസിന്റെ കർഷകസംഘടനാ നേതാവുകൂടിയാണ് അദ്ദേഹം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon