ബെംഗളൂരു: കളിയിക്കാവിള എഎസ്ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. കര്‍ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്‍നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന് തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നീ മുഖ്യപ്രതികളെ പിടികൂടിയത്. മുഖ്യപ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാക്ഷയെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് പ്രതികളിലേക്ക് എത്താനായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലും തമിഴ്‍നാട്ടിലും പ്രതികള്‍ക്കായി പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു.
നിരോധിത സംഘടനയായ അൽ ഉലമയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണല്‍ ലീഗില്‍ പ്രതികള്‍ പ്രവര്‍ത്തിച്ചതിന്‍റെ രേഖകള്‍ തമിഴ്നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിരുന്നു. പ്രതികളെ ക്യൂ ബ്രാഞ്ച് ഉടന്‍ തന്നെ തമിഴ്‍നാട്ടിലേക്ക് കൊണ്ടുവന്നേക്കും. പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാഷയെ ഇന്നലെയാണ് കര്‍ണാടകത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാൻ ഖാൻ,സലിം ഖാൻ എന്നിവരെയാണ് ഇന്നലെ ബെംഗളൂരു ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‍തത്.
അതേസമയം വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 7, 8 തീയതികളിൽ പ്രതികൾ പള്ളിയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലി ഏർപ്പാടാക്കിയ വീടിലാണ് പ്രതികൾ താമസിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. കൊല നടന്നതിന്‍റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവിൽ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടിൽ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon