നേപ്പാളിൽ മരിച്ച തിരുവനന്തപുരം സ്വദേശി പ്രവീണിനും
കുടുംബത്തിനും നാടിന്റെ യാത്രാമൊഴി. സ്‌നേഹ
വായ്പ്പുകളുമായി ആയിരങ്ങളാണ് പ്രവീണിന്റെ
ചെങ്കോട്ടുകോണത്തെ വസതിയിൽ അന്തിമോപചാരം
അർപ്പിക്കാൻ തടിച്ചുകൂടിയത്. മുൻ മുഖ്യമന്ത്രി
ഉമ്മൻചാണ്ടി അടക്കം നിരവധി പ്രമുഖരും
അന്തിമോപചാരമർപ്പിക്കാൻ എത്തി.തിരുവനന്തപുരം
മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന
മൃതദേഹങ്ങൾ രാവിലെ എട്ടുമണിയോടെയാണ്
സ്വദേശമായ ചെങ്കോട്ടുകോണത്ത് എത്തിച്ചത്.
പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും, മക്കളായ
ശ്രീഭദ്രയുടെയും ആർച്ചയുടെയും അഭിനവിന്റെയും
മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചതോടെ
നാടൊന്നാകെ വിതുമ്പി. പിഞ്ചോമന മക്കളുടെ മൃതദേഹം
കണ്ട് നിയന്ത്രണം വിട്ട പലരും വാവിട്ട് നിലവിളിച്ചു.
നാടിന്റെ ഏതൊരു ആവശ്യം വന്നാലും
മുൻനിരയിലുണ്ടായിരുന്ന പ്രവീണിന്, യാത്രാമൊഴി
ചൊല്ലുവാൻ പ്രമുഖരടക്കം നിരവധി പേരാണെത്തിയത്.
ഒന്നര മണിക്കൂർ നേരത്തെ പൊതുദർശനത്തിന് ശേഷം
സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. ശ്രീഭദ്രയുടെയും
ആർച്ചയുടെയും അഭിനവിന്റെയും കുസൃതികൾക്കും
സ്പന്ദനങ്ങൾക്കും സാക്ഷിയായ മണ്ണ് തന്നെ ഒടുവിൽ
അവരുടെ ചേതനയറ്റ ശരീരത്തെയും ഏറ്റുവാങ്ങി.
മൂന്നുപേരെയും ഒന്നിച്ചാണ് സംസ്‌കരിച്ചത്. മക്കളെ
സംസ്‌കരിച്ചതിന് ഇരുവശത്തുമായാണ് പ്രവീണിനും
ശരണ്യക്കും ചിതയൊരുക്കിയത്. ശരണ്യയുടെ സഹോദരി
അശ്വതിയുടെ മകൻ ആരവ് അന്ത്യകർമ്മങ്ങൾ
നിർവഹിച്ചു. മരിക്കാത്ത ഓർമകൾ ബാക്കിയാക്കിയാണ്
പിഞ്ചോമനകളും രക്ഷിതാക്കളും എന്നെന്നേക്കുമായി
നാടിനോട് വിട ചൊല്ലിയത്.
Friday, 24 January 2020
Previous article
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ സെറീനയ്ക്ക് പരാജയം
This post have 0 komentar
EmoticonEmoticon