കൊച്ചി: കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ വീണ്ടും ലൈംഗികാരോപണം. നേരത്തെയുള്ള പീഡനകേസില്‍ സാക്ഷിയായ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബിഷപ്പിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് നല്‍കിയ സാക്ഷിമൊഴിയിലാണ് യുവതിയുടെ ലൈംഗിക ആരോപണം.
മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയത്. മഠത്തില്‍ വച്ച് ബിഷപ്പ് തന്നെ കടന്നുപിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീ മൊഴിയില്‍ പറയുന്നു. വീഡിയോ കോളിലൂടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, യുവതിയുടെ ആരോപണത്തില്‍ പൊലീസ് കേസെടുത്തില്ല. പരാതിയുമായി കന്യാസ്ത്രീക്ക് മുൻപോട്ട് പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് പൊലീസ് പറയുന്നു. അതേസമയം, പീഡന വിഷയത്തിൽ പോലീസിന് സ്വമേധയാ കേസെടുക്കാമെന്നിരിക്കെ പോലീസ് കേസെടുക്കാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്.
അതിനിടെ, കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിന്മേലുള്ള പ്രാഥമിക വാദം ഈ മാസം 22 ന് തുടങ്ങും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ കഴിഞ്ഞ ആഴ്ച തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ നാലു തവണ കേസ് കോടതി പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon